ഹൈദ്രാബാദ്: ശിവൻ പാവപ്പെട്ടവരുടെ ദൈവവും രാമൻ സമ്പന്നരുടെ ദൈവവുമാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. വടക്കേ ഇന്ത്യയിൽ ബിജെപിക്ക് ലഭിച്ച തിരഞ്ഞെടുപ്പ് വിജയത്തിന് കാരണം അവർ ‘ശ്രീരാമനെ തട്ടിയെടുത്തു’ എന്നതാണ് റെഡ്ഡിയുടെ വാദം; വടക്ക് ശ്രീരാമനെ ആദരിക്കുമ്പോൾ തെക്ക് ശിവനെയാണ് ആരാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റെഡ്ഡിയുടെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി. രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ജനവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ റെഡ്ഡി ശ്രമിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു. തിങ്കളാഴ്ച ദൽഹിയിൽ നടന്ന ഒരു കോൺക്ലേവിനെ അഭിസംബോധന ചെയ്യവെയാണ് രേവന്ത് റെഡ്ഡിയുടെ വിവാദ പരാമർശം. “ഞങ്ങൾ ദ്രാവിഡരാണ്, ഇവിടെ (വടക്ക്) ആളുകൾ ആര്യന്മാരാണ്, ഞങ്ങൾ ശിവഭക്തരാണ്, ഇവർ രാമഭക്തരാണ്, ബിജെപി രാമനെ മോഷ്ടിച്ചു. അതൊരു വികാരമാണ്. എന്തുകൊണ്ടാണ് മോദി ജി ഹർഹർ മഹാദേവ് എന്ന് പറയാത്തത്. ബിജെപിക്കാർ എപ്പോഴെങ്കിലും ഹർഹർ മഹാദേവ് എന്ന് പറഞ്ഞിട്ടുണ്ടോ.
ശിവൻ പാവപ്പെട്ടവരുടെ ദൈവമാണ്, രാമൻ സമ്പന്നരുടെ ദൈവമാണ്; ബിജെപി സമ്പന്നരുടെ പാർട്ടിയുമാണ്, റെഡ്ഡി കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ വടക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ അത്രത്തോളം സ്വാധീനമില്ലാതിരുന്നിട്ടും തെക്കേ ഇന്ത്യയിൽ മാത്രം കോൺഗ്രസിന് എന്തുകൊണ്ട് ഇത്രയധികം ജനപ്രീതിയുണ്ട് എന്ന ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
സ്വാതന്ത്ര്യസമരകാലത്തെ ‘സൈമൺ ഗോ ബാക്ക്’ (Simon, go back) പ്രക്ഷോഭത്തിന് സമാനമായ ഒരു സമരം ‘സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ’ (SIR) നടപടിക്കെതിരെ രാജ്യത്ത് ഉണ്ടായേക്കാമെന്ന് റെഡ്ഡി പറഞ്ഞു. ‘SIR ഗോ ബാക്ക്’ സമരം നയിക്കുന്നതിനായി മമത ബാനർജി, ഉദ്ധവ് താക്കറെ, എം.കെ. സ്റ്റാലിൻ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ഒന്നിച്ച് അണിനിരക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുന്നതിനും വോട്ടുകൾ നീക്കം ചെയ്യുന്നതിനുമായാണ് SIR നടപ്പിലാക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, കേന്ദ്രത്തിലെ പ്രതിരോധം, ആഭ്യന്തരം, വാണിജ്യം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് “ഉത്തരേന്ത്യൻ നേതാക്കളാണ്” എന്നും വിമർശിച്ചു.
















