ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ പാതയോര വികസന പദ്ധതിക്കായി ചരിത്രപ്രസിദ്ധമായ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം സ്വമേധയാ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികൾ പുനരാരംഭിച്ചു. പ്രാദേശിക ഭരണകൂടവും ഷഹർ ഖാസിയും മസ്ജിദ് കമ്മിറ്റി ഭാരവാഹികളും തമ്മിൽ തിങ്കളാഴ്ച നടത്തിയ ചർച്ചകൾക്കൊടുവിലാണ് സമവായമുണ്ടായത്. 2028-ൽ നടക്കുന്ന സിംഹസ്ഥ കുംഭമേളയ്‌ക്ക് മുന്നോടിയായുള്ള റോഡ് വീതികൂട്ടൽ പദ്ധതിക്ക് തടസ്സമാകുന്ന ഭാഗമാണ് പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റുന്നത്.
നേരത്തെ പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് കല്ലേറും സംഘർഷാവസ്ഥയും നിലനിന്നിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. എന്നാൽ, സ്വമേധയാ ഉള്ള വിട്ടു വീഴ്ചയാണെന്ന കാര്യം മുതിർന്ന അംഗങ്ങൾ വ്യക്തമാക്കിയതോടെ സ്ഥിതിഗതികൾ ശാന്തമായി. മെഷീനുകൾ ഉപയോഗിക്കാതെ പള്ളി കമ്മിറ്റി അംഗങ്ങൾ തന്നെയാണ് മതിൽ പൊളിക്കൽ നടപടികൾക്ക് തുടക്കമിട്ടത്.
അതിനിടെ, ഉജ്ജയിൻ മുൻസിപ്പൽ കോർപ്പറേഷനും മസ്ജിദ് അധികൃതരും തമ്മിൽ ധാരണയിലെത്തിയതായി അറിയിച്ചതിനെ തുടർന്ന് കേസ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്റോർ ബെഞ്ച് തീർപ്പാക്കി. ജസ്റ്റിസുമാരായ സുബോധ് അഭയങ്കർ, ജയ് കുമാർ പിള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ തീർപ്പാക്കിയത്. റോഡ് വികസനത്തിനായി 9.5 അടി ഭാഗം പൊളിക്കണമെന്നായിരുന്നു ഭരണകൂടത്തിന്റെ ആവശ്യപ്പെടലെങ്കിലും ഏകദേശം 3 അടി ഭാഗം മാത്രം ഒഴിവാക്കാനാണ് അന്തിമ ധാരണയായിരിക്കുന്നത്.
















