തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി ചിത്ര കോര്‍ എന്ന കൊറോണറി സ്‌റ്റെന്റ് പു
റത്തിറക്കി. സ്‌റ്റെന്റിന്റെ നിര്‍മാണത്തില്‍ 30 മുതല്‍ 40 ശതമാനം വരെ മാത്രം ലോഹം ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് രക്തധമനികള്‍ക്കുണ്ടാകുന്ന ക്ഷതം, രക്തം കട്ടപിടിക്കല്‍, രക്തധമനി വീണ്ടും ചുരുങ്ങുന്ന അവസ്ഥ തുടങ്ങിയ സാധ്യതകള്‍ കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയും ഇന്‍വേസീവ് ടെക്‌നോളോജീസും ചേര്‍ന്നാണ് ചിത്ര കോര്‍ എന്ന കൊറോണറി സ്‌റ്റെന്റ്പുറത്തിറക്കിയിരിക്കുന്നത്. ടൈറ്റാനിയം നൈട്രൈഡ് (ടിന്‍) കോട്ടിംഗുള്ളതും പോളിമര്‍ രഹിതവുമായ ബെയര്‍ മെറ്റല്‍ സ്‌റ്റെന്റാണിത്. ഇതിലെ ടിന്‍ കോട്ടിംഗ് ലോഹവും രക്തവും മറ്റു കോശങ്ങളും തമ്മിലുള്ള നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നു, അതുവഴി രക്തധമനി വീണ്ടും ചുരുങ്ങുന്നതിനും രക്തം കട്ടപിടിക്കുന്നതിനുമുള്ള സാധ്യതയും കുറയ്‌ക്കുന്നു. ശ്രീചിത്രയുടെ ബയോമെഡിക്കല്‍ ടെക്‌നോളജി (ബിഎംടി) വിഭാഗത്തിലെ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റേണല്‍ ഓര്‍ഗന്‍സ്’ വിഭാഗമാണ് സ്‌റ്റെന്റ് രൂപകല്‍പന ചെയ്തത്.
ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലുള്ള ‘ടെക്‌നിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ ഡിവൈസസാണ് ഈ പദ്ധതിക്ക് പിന്തുണ നല്‍കിയത്. 2024ലെ ഏജിസ് ഗ്രഹാംബെല്‍ അവാര്‍ഡുകളില്‍ മികച്ച മൂന്ന് ആരോഗ്യനൂതന ആശയങ്ങളില്‍ ഒന്നായും, 2023ല്‍ ഐഐടി മദ്രാസ് ഇന്‍കുബേഷന്‍ സെല്ലിന്റെ ‘ബില്‍ഡ്’ ബോയിംഗ് യൂണിവേഴ്‌സിറ്റി ഇന്നൊവേഷന്‍ ലീഡര്‍ഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ മികച്ച 12 നൂതന ആശയങ്ങളില്‍ ഒന്നായും ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
















