കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 2018 മുതല്‍ നടന്ന വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററില്‍ ഉദ്യോഗസ്ഥര്‍ ഒപ്പിടാത്തതില്‍ ദുരൂഹത. ഗുരുതരമായ കൃത്യവിലോപം നടന്നിട്ടും വിവരം പുറത്തുവിടാതെ മൂടിവെച്ചതായും ആക്ഷേപം.
വീഴ്ച തിരിച്ചറിഞ്ഞതോടെ വിദ്യാര്‍ത്ഥികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പുവയ്‌ക്കാന്‍ വി.സി ഡോ. സിസ തോമസ് വിസമ്മതിച്ചിരുന്നു. അസിസ്റ്റന്റ് മുതല്‍ ജോയിന്റ് രജിസ്ട്രാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഒപ്പിട്ട് സുതാര്യത ഉറപ്പാക്കേണ്ടതായിരുന്നു.
സൂക്ഷ്മപരിശോധനയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പ് നല്‍കിയ മാര്‍ക്ക് ലിസ്റ്റിലെ യഥാര്‍ത്ഥ മാര്‍ക്കുകളും ടാബുലേഷന്‍ രജിസ്റ്ററിലെ മാര്‍ക്കുകളും തമ്മില്‍ വ്യത്യാസമുള്ളതായും കണ്ടെത്തലുണ്ട്. രജിസ്റ്ററിലെ മാര്‍ക്കുകളും കോഴ്സ് കോഡുകളുമെല്ലാം ഡിജിറ്റല്‍ സംവിധാനത്തില്‍ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥരും ആ കാലയളവില്‍ ജോലി ചെയ്തിരുന്ന വിരമിച്ച ഉദ്യോഗസ്ഥരെ കൊണ്ടും രജിസ്റ്ററില്‍ ഒപ്പ് വയ്‌പ്പിക്കണമെന്ന് ജൂലൈ 17ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു.
പ്രത്യേക അജണ്ടയായി സിന്‍ഡിക്കേറ്റ് യോഗം നടന്നുകൊണ്ടിരിക്കേ പരീക്ഷാവിഭാഗം ഉദ്യോഗസ്ഥരാണ് ഈ അജണ്ട മുന്നോട്ടുവച്ചത്. വിദ്യാര്‍ത്ഥികളുടെ യൂണിവേഴ്‌സിറ്റി മാര്‍ച്ചിനിടയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ കൂടാതെ സിന്‍ഡിക്കേറ്റ് യോഗം തീരുമാനം അംഗീകരിച്ചു.
മിനിറ്റ്‌സ് അടിസ്ഥാനമാക്കി സര്‍വകലാശാല ഉത്തരവ് ഇറക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസര്‍മാര്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞ് പോയവരെ ബന്ധപ്പെട്ടു. ചിലര്‍ പിന്നാലെ എത്തി രജിസ്റ്ററില്‍ ഒപ്പും വച്ചു.
വിരമിച്ചവര്‍ ഒപ്പുവച്ചെങ്കിലും നിലവില്‍ സര്‍വീസിലുള്ള ജീവനക്കാര്‍ മാര്‍ക്കില്‍ വ്യത്യാസമുള്ളതിനാല്‍ ഇതിന് തയാറായിട്ടില്ല. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ സര്‍വകലാശാല രേഖകളില്‍ വീണ്ടും ഒപ്പുവയ്‌ക്കുന്നത് ചട്ടവിരുദ്ധവും കുറ്റകരവുമാണ്. 2018 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഇതേവരെ നല്‍കിയിട്ടുള്ളത്.
ഈ കാലയളവില്‍ ഡോ. ധര്‍മ്മരാജ് അടാട്ടായിരുന്നു വൈസ് ചാന്‍സലര്‍. പുതുതായി ചുമതലയേറ്റ സിന്‍ഡിക്കേറ്റ് അംഗങ്ങളെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.
ഒരു വശത്ത് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് സമരം നടത്തുകയും മറുവശത്ത് വസ്തുതകള്‍ മറച്ചുവച്ച് തങ്ങള്‍ക്ക് വേണ്ട തീരുമാനങ്ങള്‍ക്ക് സാഹചര്യമൊരുക്കുകയുമാണ് ചില ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. രജിസ്റ്ററില്‍ രേഖപ്പെടുത്താതെ ഈ കാലയളവില്‍ പരീക്ഷ പാസായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി ആക്ഷേപമുണ്ട്.
പരീക്ഷാ വിഭാഗത്തിലെ മേല്‍പ്പറഞ്ഞ ക്രമക്കേടുകള്‍ കണ്ടുപിടിച്ചതാണ് വി.സി ഡോ. സിസ തോമസിനെതിരെ വിദ്യാര്‍ത്ഥികളെ പ്രക്ഷോഭത്തിന് ഇളക്കിവിടാന്‍ കാരണമായത്.
ക്രമക്കേടുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.














