
ന്യൂദല്‍ഹി: സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, മോദി സര്‍ക്കാര്‍ കൊണ്ടുവന്ന 33 ശതമാനം വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യേണ്ടതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സ്മൃതി ഇറാനി.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ശനിയാഴ്ച നടത്തിയ പ്രസ്താവന ആത്മാര്‍ത്ഥയോടെയാണെങ്കില്‍ വനിതാ സംവരണ ബില്‍ വേഗത്തില്‍ നടപ്പാക്കാന്‍ സഹകരിച്ച് യഥാര്‍ത്ഥ പിന്തുണ പ്രകടിപ്പിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. സ്ത്രീകളാണ് ഭാരതത്തിന്റെ ശക്തി എന്നും അവര്‍ സ്വന്തം ഇടത്തിനായി പോരാടണമെന്നും പുരുഷാധിപത്യത്തെ തകര്‍ക്കണമെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന.
രാജ്യത്തുടനീളം വനിതകള്‍ക്ക് 33% സംവരണം നല്‍കുന്ന ബില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. പാര്‍ലമെന്റിലും സംസ്ഥാന നിയമനിര്‍മാണ സഭകളിലും തങ്ങളുടെ അന്തസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഈ നിയമം വനിതകളെ പ്രാപ്തരാക്കുന്നു. വനിതാ സംവരണം വേഗത്തില്‍ നടപ്പാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് പ്രധാനമന്ത്രി എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സംരംഭത്തെ പിന്തുണയ്‌ക്കാന്‍ രാഹുലിനോട് അഭ്യര്‍ത്ഥിക്കുന്നു.
ദേശീയഗീതമായ വന്ദേമാതരത്തിന്റെ പൂര്‍ണരൂപം കോണ്‍ഗ്രസ് ആസ്ഥാനത്ത് ആലപിക്കാന്‍ രാഹുല്‍ നടപടി സ്വീകരിക്കണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. വന്ദേമാതരത്തില്‍ ശക്തിയുടെ ആള്‍രൂപമായി ആരാധിക്കുന്ന ദുര്‍ഗാ ദേവിയെക്കുറിച്ച് വര്‍ണിക്കുന്നുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങളില്‍ രാഹുല്‍ കാണിച്ച താത്പര്യം ഇതില്‍ നിന്ന് വ്യക്തമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.