ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ 25-ാം വാര്‍ഷികവും ആഘോഷിക്കുന്ന വേളയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി. നരേന്ദ്ര മോദിയുടെ ജന്മദിനമായ സപ്തംബര്‍ 17 മുതല്‍ ഒക്ടോ. 17 വരെ സേവാ സങ്കല്‍പ് അഭിയാന്റെ ഭാഗമായുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നീണ്ടുനില്‍ക്കും. വിവിധ സേവന പ്രവര്‍ത്തനങ്ങള്‍, ഗുണഭോക്താക്കളെ സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍, സേവന- നൂതന പ്രവര്‍ത്തനങ്ങളില്‍ യുവാക്കളെ പങ്കാളികളാക്കുന്നതിനുള്ള സംരംഭങ്ങള്‍ എന്നിവ നടത്തും.
പൊതുസേവനത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതിലും ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ, സേവന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചായിരിക്കും പരിപാടികളെന്ന് ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ ദേശീയ ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ വര്‍ഷവും പ്രധാനമന്ത്രിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് സേവനപക്ഷാചരണം നടത്താറുണ്ട്. എന്നാല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ 25-ാം വാര്‍ഷികം ഒക്ടോ. ഏഴിന് ആഘോഷിക്കുന്ന വേളയില്‍ കൂടുതല്‍ വിപുലമായ സേവനപ്രവര്‍ത്തനങ്ങളാണ് രാജ്യം മുഴുവനും ബൂത്തുകളിലും എത്തുന്ന രീതിയില്‍ ഒരുക്കുന്നത്.
പ്രചാരണത്തിന്റെ ഭാഗമായി, രാജ്യത്തുടനീളമുള്ള 14 ലക്ഷത്തിലധികം അങ്കണവാടികളില്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തും. കുട്ടികളുടെ പോഷകാഹാരവും പരിചരണവും ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന അങ്കണവാടി ജീവനക്കാരായി സേവനമനുഷ്ഠിക്കുന്ന അമ്മമാരെയും സഹോദരിമാരെയും ആദരിക്കുകയും അവരുമായി സംവദിക്കുകയും ചെയ്യും. മാതൃ സംവാദ് എന്ന പേരിലാണ് ഈ പരിപാടികള്‍ സംഘടിപ്പിക്കുക.
‘സേവനത്തില്‍ എന്റെ പങ്കാളിത്തം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ പ്രചാരണ പരിപാടിക്കിടയില്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന റീലുകള്‍ നിര്‍മ്മിക്കാനും അവ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന രീതിയില്‍ പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കും. ശുചീകരണ യജ്ഞങ്ങള്‍, വൃക്ഷത്തൈ നടല്‍, ക്ഷയരോഗ നിര്‍മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായി രോഗികളെ കണ്ടെത്തി സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധിപ്പിക്കല്‍ തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. കൂടുതല്‍ ആളുകളെ സേവന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നതിനായി യുവാക്കള്‍ തയാറാക്കുന്ന ഈ റീലുകള്‍ ജില്ലാ-സംസ്ഥാന തലങ്ങളില്‍ പ്രചരിപ്പിക്കും.
മോദി സര്‍ക്കാര്‍ ആരംഭിച്ച ജനക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അര്‍ഹരായ ഒരാള്‍ക്കും ലഭിക്കാതെ പോകില്ലെന്ന് ഉറപ്പാക്കാന്‍ ‘സേവാ സേതു അഭിയാന്‍’ സംഘടിപ്പിക്കും. ഇതിനായി വിവിധ വകുപ്പുകള്‍ ബ്ലോക്ക് തലത്തില്‍ 15 ദിവസത്തേക്ക് ക്യാമ്പുകള്‍ സംഘടിപ്പിക്കും. അര്‍ഹരായ ഏതെങ്കിലും വ്യക്തികള്‍ പദ്ധതികളില്‍ ഉള്‍പ്പെടാതെ പോയിട്ടുണ്ടെങ്കില്‍, അവര്‍ക്ക് ഈ ക്യാമ്പുകളില്‍ എത്തി ആവശ്യമായ ഫോമുകള്‍ പൂരിപ്പിച്ച് ബന്ധപ്പെട്ട പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. യുവാക്കളുടെ കഴിവുകളെയും നൂതന ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവരുടെ ശേഷിയെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു നാഷണല്‍ ഇന്നോവേഷന്‍ ചലഞ്ച്’സംഘടിപ്പിക്കും. യുവാക്കളെ അവരുടെ പ്രദേശങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും ഗവേഷണത്തിലൂടെയും നൂതനാശയങ്ങളിലൂടെയും പരിഹാരങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം അവര്‍ക്ക് നല്‍കുകയും ചെയ്യും.
ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളില്‍ മത്സരം സംഘടിപ്പിക്കുന്നതിലൂടെ, പ്രാദേശിക പ്രശ്നങ്ങള്‍ക്ക് സര്‍ഗ്ഗാത്മകവും നൂതനവുമായ പരിഹാരങ്ങള്‍ പ്രാദേശിക തലത്തില്‍ തന്നെ കണ്ടെത്താനാകുമെന്നും വിനോദ് താവ്ഡെ പറഞ്ഞു.
അഭിയാനോട് അനുബന്ധിച്ചുള്ള ദേശീയതല ശില്‍പ്പശാല ഇന്നലെ പൂര്‍ത്തിയായതായി താവ്ഡെ അറിയിച്ചു. ആഗസ്ത് 31നകം സംസ്ഥാനതല ശില്‍പശാലകളും തുടര്‍ന്ന് അടുത്ത അഞ്ച് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ജില്ലാ – ബ്ലോക്ക് തല ശില്‍പശാലകളും പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















