തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഭാഗമായുളള നീന്തല്‍ മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയാണെന്നും നടപടി ഉണ്ടാകുമെന്നും കായിക മന്ത്രി ഒ ജെ ജനീഷ് . തൃശൂര്‍ അക്വാട്ടിക് കോംപ്ലക്സ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ചെറിയ മത്സരങ്ങള്‍ നടക്കുന്നയിടത്ത് സ്വാഭാവികമായും അത്രയും വലിയ രീതിയിലുള്ള സംഘാടനമുണ്ടാകാറില്ല. ഡിഡിഇ യോഗം വിളിച്ച സമയത്ത് അധ്യാപക സംഘടനകള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. അധ്യാപക സംഘടനകളുടെ പ്രതിനിധികളാണ് വിവിധ കമ്മിറ്റികളുടെ ചുമതല ഏറ്റെടുത്തത്. ഗ്രൗണ്ട് ആന്‍ഡ് എക്യുപ്മെന്റ് കമ്മിറ്റിയുടെ ചെയര്‍മാനും കണ്‍വീനറുമായിട്ടുണ്ടായിരുന്നത് സ്പോര്‍ട്സിന്റെ കോഓര്‍ഡിനേറ്റര്‍മാര്‍ ആയിട്ടുള്ള അധ്യാപകരാണ്. ആ കമ്മിറ്റിയെയാണ് പന്തല്‍ ഏല്‍പ്പിച്ചത് എന്നാണ് അറിഞ്ഞത്. ജനപ്രതിനിധികളെ ഉദ്യോഗസ്ഥര്‍ ഒന്നും അറിയിച്ചിരുന്നില്ല എന്നും മന്ത്രി പറഞ്ഞു.
തൃശൂരില്‍ നാല് ഇനങ്ങള്‍ മാത്രമാണ് നടന്നതെന്നതിനാല്‍ സംഘാടകസമിതിയുടെ ആവശ്യമില്ല എന്നാണ് മന്ത്രിയുടെ വാദം.എന്നാല്‍, മത്സരത്തെക്കുറിച്ച് അറിയാമായിരുന്നു എന്ന് കായിക മന്ത്രി സമ്മതിച്ചു. കോഴിക്കോട് നടന്ന വിപുലമായ സംഘാടകസമിതി യോഗത്തില്‍ താനും പങ്കെടുത്തു.ഗ്രൗണ്ടുകള്‍ക്കും മറ്റ് അനുബന്ധ ആവശ്യങ്ങള്‍ക്കുമായി സംഘാടകര്‍ മന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.
















