ന്യൂദല്‍ഹി: മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഗാന്ധിജിയുടെ സംഭാവനകൾ അനുസ്മരിച്ച അദ്ദേഹം, ഗാന്ധി ജയന്തി ദിനത്തിൽ ഏതെങ്കിലും ഒരു ഖാദി ഉൽപന്നമെങ്കിലും വാങ്ങി ‘സ്വദേശി’ ആശയങ്ങൾ ഏറ്റെടുക്കാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു.
എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി മഹാത്മാഗാന്ധിയുടെ സംഭാവനകളെക്കുറിച്ച് പരാമർശിച്ചതും തദ്ദേശീയ ഉൽപന്നങ്ങളുടെ പ്രാധാന്യം വ്യക്തമാക്കിയതും. മഹാത്മാഗാന്ധിയുടെ പാരമ്പര്യത്തോടുള്ള ആദരസൂചകമായി ഖാദി ഉൽപ്പന്നങ്ങൾ വാങ്ങാൻ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു.
വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെ രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിജിയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന സർവമത പ്രാർത്ഥനാ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. മഹാത്മാഗാന്ധിയുടെ ജീവിതവും അധ്യാപനങ്ങളും ചടങ്ങിൽ അനുസ്മരിച്ചു.
സ്വയംപര്യാപ്തതയ്‌ക്കും തദ്ദേശീയ ഉൽപന്നങ്ങളുടെ ഉപയോഗത്തിനും ഗാന്ധിജി നൽകിയ ഊന്നൽ വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സ്വദേശി ഉൽപന്നങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹം, ഗാന്ധി ജയന്തി ദിനത്തിൽ ഖാദി വസ്ത്രങ്ങളോ വസ്തുക്കളോ വാങ്ങാൻ പ്രത്യേകമായി ആവശ്യപ്പെട്ടു.
തുടർന്ന് വിജയ് ഘട്ടിലെത്തിയ പ്രധാനമന്ത്രി, വെള്ളിയാഴ്ച 122-ാം ജന്മവാർഷികം ആഘോഷിക്കുന്ന മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ സ്മൃതിമണ്ഡപത്തിലും ആദരാഞ്ജലികൾ അർപ്പിച്ചു.
മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 എല്ലാ വർഷവും രാജ്യത്ത് ഗാന്ധി ജയന്തിയായി ആചരിക്കുന്നു. ഈ ദിവസം അന്താരാഷ്‌ട്ര അഹിംസാ ദിനമായും ആചരിക്കപ്പെടുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിച്ച ഗാന്ധിജി, അഹിംസ, സ്വയംപര്യാപ്തത, സ്വദേശി പ്രസ്ഥാനം എന്നിവയ്‌ക്കായി നിലകൊണ്ടു. ബ്രിട്ടീഷ് നിർമിത ഉൽപ്ന്നങ്ങളെ ആശ്രയിക്കുന്നതിനെതിരെയും സാമ്പത്തിക സ്വയംപര്യാപ്തതയ്‌ക്കും വേണ്ടിയാണ് അദ്ദേഹം ഖാദിയെ പ്രോത്സാഹിപ്പിച്ചത്.
















