തിരുവനന്തപുരം:മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ എത്തിക്കാമെന്ന് കാട്ടിയുളള തട്ടിപ്പില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപി ശുപാര്‍ശ ചെയ്തു.നിലവിലുള്ള സംഘത്തിന്റെ അന്വേഷണം തുടരണമെന്നും ഡിജിപി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അടുത്ത മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയായേക്കും.നേരത്തേ മുന്‍ കായിക മന്ത്രി വി
അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.തിരുവനന്തപുരത്തുനിന്നുള്ള പ്രത്യേക അന്വേഷണ സംഘം മലപ്പുറത്തെത്തി ഏകദേശം മൂന്ന് മണിക്കൂറോളം അബ്ദുറഹ്മാനില്‍ നിന്ന് മൊഴിയെടുത്തു. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചത്, കായികവകുപ്പിന്റെയും മന്ത്രിയുടെയും ഇടപെടല്‍, ഇടനിലക്കാരുടെ പങ്ക് എന്നിവയാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.
അര്‍ജന്റീന ടീമിനെ എത്തിക്കുന്നതിന്റെ പേരില്‍ മന്ത്രിയായിരുന്ന അബ്ദുറഹ്മാന്‍ നടത്തിയ വിദേശയാത്രയും അവിടെ നടത്തിയ ചര്‍ച്ചകളും വ്യവസ്ഥകള്‍ പാലിക്കാതെയുള്ള സ്‌പോണ്‍സര്‍ഷിപ്പ് നടപടികളുമായി ബന്ധപ്പെട്ടും മൊഴിയെടുത്തു. അബ്ദുറഹ്മാന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലിയെയും എസ്‌ഐടി അന്വേഷണം ചോദ്യം ചെയ്തിരുന്നു.
















