ന്യൂദൽഹി: സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായി വീണ്ടും നേതൃസ്ഥാനത്ത്. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, മുതിർന്ന നേതാവ് റാം മാധവ് എന്നിവരെ ദേശീയ വൈസ് പ്രസിഡന്റുമാരായി നിയമിച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിൽ നടത്തിയ പുനസംഘടനയിലാണ് ഈ നിയമനം.
പുതിയ ഉപാദ്ധ്യക്ഷൻമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ദേശീയ വക്താക്കൾ, വിവിധ മോർച്ച തലവൻമാർ ഉൾപ്പെടെ പ്രധാന ഭാരവാഹികളുടെ പട്ടികയാണ് പുറത്തുവന്നത്. ബിഎൽ സന്തോഷ് ദേശീയ ജനറൽ സെക്രട്ടറിയായി തുടരും. കേരളത്തിൽ നിന്ന് കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറിയാകും. അനിൽ ആന്റണി, ദേശീയ സെക്രട്ടറി സ്ഥാനത്ത് തുടരും. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്, ബൈജയന്ത് ജയ് പാണ്ഡ, ഡി പുരന്ദേശ്വരി, രേഖ വർമ്മ, വർഷബെൻ നരേന്ദ്രഭായ് ദോഷി, ഭാരതി പ്രവീൺ പവാർ, മൻപ്രീത് സിംഗ് ബാദൽ, ലാൽ സിംഗ് ആര്യ, എം നാഗരാജ, താരിഖ് മൻസൂർ, മധുചന്ദ്ര കർ എന്നിവരും ദേശീയ വൈസ് പ്രസിഡന്റുമാരുടെ പട്ടികയിലുണ്ട്.
13 ദേശീയ വൈസ് പ്രസിഡന്റുമാരിൽ ആറ് പേർ സ്ത്രീകളാണ്, ഇതിലൂടെ പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളിൽ കൂടുതൽ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ അവസരമാണ് നിതിൻ നബിൻ നൽകിയത്. മുസ്ലീം സമുദായത്തിൽ നിന്നുള്ള രണ്ട് പേർക്ക് പുറമേ നാല് വനിതാ സെക്രട്ടറിമാരും ഒരു വനിതാ ജനറൽ സെക്രട്ടറിയും ഉണ്ട്.
വിനോദ് താവ്‌ഡെ, സുനിൽ ബൻസാൽ, ബിപ്ലബ് കുമാർ ദേബ്, സതീഷ് പൂനിയ, ഗജേന്ദ്ര പട്ടേൽ, ഹരീഷ് ദ്വവേദി, സഞ്ജയ് ഭാട്ടിയ തുടങ്ങിയവരാണ് ദേശീയ സെക്രട്ടറിമാരുടെ പട്ടികയിലുള്ളത്. ശിവപ്രകാശ്, സൗദാൻ സിങ് എന്നിവരെ ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറിമാരായി നിയമിച്ചു. പീയൂഷ് ഗോയലിനെ ദേശീയ ട്രഷററായി നിയമിച്ചപ്പോൾ, തരുൺ ചുഗ് കേന്ദ്ര ഓഫീസ് ഇൻ ചാർജായി പ്രവർത്തിക്കും.
















