ഓണം അടുത്തതോടെ കാർഷിക വിപണികളിലും തിരക്കായി . നല്ല നാടൻ കാർഷികോത്പ്പന്നങ്ങൾ എന്ന പേരിൽ ലഭിക്കുന്നവയിൽ ഏറെയും രാസവസ്തുക്കൾ ചേർത്ത് പാകപ്പെടുത്തിയതാകാം. ഓണക്കാലമായാൽ വിപണികളിൽ പലതരത്തിലുള്ള ഏത്തക്കായകൾ വില്പനയ്‌ക്കായി എത്താറുണ്ട്. വ്യാജൻ ഏത്തക്കുലകളും നല്ല നാടൻ കുലകളും കണ്ടാൽ തിരിച്ചറിയാൻ ചില വിദ്യകൾ ഉണ്ട് . അതൊന്ന് നോക്കാം
നല്ല നാടൻ കായ കയ്യിലെടുത്ത് അമർത്തുമ്പോൾ നല്ല ഉറപ്പുള്ളതായിരിക്കണം. കൂടാതെ അതിന്റെ തൊലിക്ക് നല്ല കട്ടിയും വരിപ്പുകൾ നന്നായി കൃത്യമായി തെളിഞ്ഞു കാണുകയും ചെയ്യാവുന്നതാണ്. മൃദുവായതോ അല്പം അമരുന്നതോ ആയ കായകളാണെങ്കിൽ അവ ഉള്ളിൽ പഴുക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കണം.
മെലിഞ്ഞ് വരിപ്പുകൾ മാത്രം തെളിഞ്ഞു നിൽക്കുന്ന കായകളിൽ കാമ്പ് കുറവായിരിക്കും. നല്ല സമൃദ്ധമായി വളർന്ന നാടൻ കായകൾ വരിപ്പുകൾ ഉണ്ടെങ്കിലും ഉരുണ്ടതും ഉള്ളില് മാംസം നിറഞ്ഞതുമായിരിക്കും. അതിനാൽ അവ ശ്രദ്ധയോടെ നോക്കി വാങ്ങുക.
ഞെട്ടിന്റെ ഭാഗത്ത് നിന്ന് ചെറുതായി മുറിച്ചാൽ നല്ല പച്ചക്കായയുടെ സ്വാഭാവിക മണം അറിയാൻ സാധിക്കും. അതുപോലെ തന്നെ നല്ല രീതിയിൽ കറയും വരുന്നതാണ്. അത് മരുന്നടിച്ചിട്ടില്ലാത്ത നല്ല പച്ചക്കായയിലാണ് ഇത്തരം രീതികൾ കാണാൻ കഴിയുക.
കായയുടെ ഞെട്ടിന്റെ ഭാഗം ഉണങ്ങാതെ പച്ചപ്പോടെ ഇരിക്കുന്നുണ്ടെങ്കിൽ അത് പുതുതായി വെട്ടിയ കുലയിൽ നിന്നുള്ളതാണെന്ന് നിങ്ങൾക്ക് ഉറപ്പിക്കാവുന്നതാണ്. ഞെട്ട് കറുത്ത് കരിഞ്ഞതാണെങ്കിൽ അത് ദിവസങ്ങൾ പഴക്കമുള്ളതായിരിക്കും. അമിതമായി വെളുത്തതോ സ്വാഭാവികമല്ലാത്ത പച്ചനിറമോ ഉള്ള കായകൾ മരുന്നടിച്ചതാകാൻ സാധ്യതയുണ്ട്. കടും പച്ചനിറവും ചെറിയ കറുത്ത പാടുകളോ അവയുടെ തൊലിപ്പുറത്ത് അടയാളങ്ങളോ ഉള്ള കായകൾ നാടൻ കുലകളിൽ നിന്നുള്ളതാണ്.
















