ന്യൂഡൽഹി : സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണം തടയാൻ ഉടനടി നടപടി സ്വീകരിക്കണമെന്ന് മെറ്റയ്‌ക്ക് കേന്ദ്രസർക്കാർ നിർദേശം. ഇത്തരം പ്രചാരണങ്ങൾ തടയുന്നതിന് ആവശ്യമെങ്കിൽ മെറ്റയുടെ അൽഗോരിതങ്ങൾ പരിഷ്കരിക്കാനും സർക്കാർ നിർദ്ദേശിച്ചു.
ഡീപ്ഫേക്കുകളും വ്യാജ പ്രചാരണങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ, അൽഗോരിതമിക് മാറ്റങ്ങൾ വരുത്തണമെന്നും സർക്കാർ മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട് . ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഏതൊക്കെ പോസ്റ്റുകളാണ് ഉപയോക്താക്കൾക്ക് കൂടുതൽ തവണ കാണിക്കുന്നതെന്നും ഏതൊക്കെ പോസ്റ്റുകളാണ് കുറച്ച് ആളുകളിലേക്ക് എത്തുന്നതെന്നും നിർണ്ണയിക്കുന്ന സംവിധാനങ്ങളാണ് അൽഗോരിതങ്ങൾ. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതിന് പകരം ഈ സംവിധാനങ്ങൾ തിരിച്ചറിഞ്ഞ് തടയണമെന്ന് മോദി സർക്കാർ വ്യക്തമാക്കുന്നു.
മെറ്റയുടെ കണ്ടന്റ് മോഡറേഷൻ പ്രക്രിയകൾ ശക്തിപ്പെടുത്താനും ഇതിനായുള്ള കൃത്യമായ മാപ്പുകൾ തയ്യാറാക്കാനും സർക്കാർ മെറ്റയോട് ആവശ്യപ്പെട്ടു. കൂടാതെ, അനുചിതമായ ഉള്ളടക്കം തിരിച്ചറിയുന്നതിനും അതിനെതിരെ നടപടിയെടുക്കുന്നതിനുമുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ മെറ്റയോട് നിർദ്ദേശിച്ചിട്ടുണ്ട്.
















