
ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്
ശബരിക്ക് ആദരം അര്‍പ്പിച്ച്, രാമനും ലക്ഷ്മണനും ദക്ഷിണദിശയിലേക്കുള്ള യാത്ര തുടര്‍ന്നു. പമ്പാനദിയുടെ പവിത്രസുന്ദരമായ തീരത്തേക്ക് അടുക്കുമ്പോള്‍ ദുഃഖത്തിനിടയിലും പമ്പാനദീതടം രാമനില്‍ പ്രശാന്തി നിറച്ചു. സീതയെ സദാ നിനച്ചുകൊണ്ട് തന്റെ ദൗത്യത്തില്‍ ഉറച്ച് രാമന്‍ അവിടെ വിശ്രമിച്ചു. പമ്പയുടെ തീരത്ത് ഋഷ്യമൂകപര്‍വ്വതത്തില്‍ നാടുകടത്തപ്പെട്ട വാനരരാജകുമാരന്‍ സുഗ്രീവന്‍, തന്റെ നാലു വിശ്വസ്ത മന്ത്രിമാര്‍ഹനുമാന്‍, നളന്‍, നീലന്‍, താരന്‍- എന്നിവരോടൊപ്പം ഒളിവില്‍ കഴിയുന്നു. കിഷ്‌കിന്ധയുടെ രാജാവായിരുന്ന സുഗ്രീവന്‍, തന്റെ ജ്യേഷ്ഠന്‍ ബാലിയുമായുണ്ടായ വലിയൊരു തെറ്റിദ്ധാരണമൂലം കൊട്ടാരത്തില്‍ നിന്നും ആട്ടി പുറത്താക്കപ്പെട്ടു. അതിബലവനായ ജ്യേഷ്ഠന്‍ തന്നെ കൊന്നുകളയുമെന്ന നിത്യഭയത്തില്‍ സുഗ്രീവന്‍ കഴിഞ്ഞുവന്നു. ഒരു ഋഷിയുടെ ശാപം മൂലം ബാലിക്ക് ഋഷ്യമൂകപര്‍വ്വതത്തില്‍ കയറാന്‍ പാടില്ല എന്നതുകൊണ്ട് സുഗ്രീവന്‍ അവിടെ മാത്രം സുരക്ഷിതനായിരുന്നു.
ഹനുമത്സംഗമം
സുഗ്രീവന്റെ മുഖ്യമന്ത്രി, ജ്ഞാനവും കരുത്തും ഒരുപോലെ സ്വായത്തമായുള്ള ദിവ്യനായ ഹനുമാന്‍, അകലെ നിന്ന് രണ്ട് മനുഷ്യരൂപങ്ങള്‍ തങ്ങളെ സമീപിക്കുന്ന കാര്യം ശ്രദ്ധിച്ചു. കൈകള്‍ കൂപ്പി ഹനുമാന്‍ അവരെ ഊഷ്മളമായി അഭിവാദനം ചെയ്തു സ്വാഗതം ചെയ്തു. ഹനുമാന്റെ ശബ്ദം മൃദുവായിരുന്നു. നേര്‍മ്മയുള്ളതും. അതില്‍ സ്വാഭാവികമായി ഒരു മഹത്വവും ഹൃദയശുദ്ധിയും നിറഞ്ഞിരുന്നതായി രാമന്‍ തിരിച്ചറിഞ്ഞു. ”ഞാന്‍ ഹനുമാന്‍, വാനരരാജാവായ സുഗ്രീവന്റെ ദാസനാണ്. എന്റെ യജമാനനും ഇവിടെയീ മലയില്‍ പരദേശവാസവും ദുഃഖവും അനുഭവിക്കുകയാണ്. നിങ്ങള്‍ക്ക് ഒരുപക്ഷേ പരസ്പരം സഹായിക്കാന്‍ കഴിഞ്ഞേക്കാം.”
രാമസുഗ്രീവ സഖ്യം
സുഗ്രീവനുമായുള്ള കൂടിക്കാഴ്ചക്കായി ഹനുമാന്‍ ഉടനെ തന്നെ രാമനെയും ലക്ഷ്മണനെയും തന്റെ ഇരുതോളത്തുമെടുത്ത് വന്‍കാട്ടിനിടയിലൂടെ ചാടി ക്ഷണനേരത്തില്‍ വാനരരാജാവിന് മുന്നിലെത്തി. സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് രാമന്‍ സുഗ്രീവനോട് പറഞ്ഞു. സുഗ്രീവന്‍ സഹോദരന്‍ ബാലിയുടെ ക്രൂരതയെക്കുറിച്ചു സംസാരിച്ചു. തങ്ങള്‍ രണ്ടും സമാനമായ ദുഃഖത്തിലാണെന്നു കണ്ട്, അവര്‍ പരസ്പരസഹായത്തിനായി ഒരുടമ്പടിയില്‍ ഏര്‍പ്പെട്ടു. ബാലിയില്‍ നിന്ന് രാജ്യം തിരികെ ലഭ്യമാക്കാന്‍ സഹായിക്കാമെന്ന് രാമന്‍ സുഗ്രീവന് വാഗ്ദാനം ചെയ്തു. മറുവശത്ത് സീതയെ കണ്ടെത്താന്‍ സഹായിക്കുമെന്ന് സുഗ്രീവന്‍ രാമന് വാക്ക് നല്കി. കുറച്ചുനാള്‍ മുന്‍പ് വനത്തിന് മുകളിലൂടെ പറന്നുപോയൊരു ആകാശരഥത്തില്‍ നിന്നും താഴെ വീണ ആഭരണങ്ങള്‍ സുഗ്രീവന്‍ രാമന് കാണിച്ചുകൊടുത്തു. രാമന്‍ അവയെ ഉടന്‍തന്നെ സീതയുടെ ആഭരണങ്ങളായി തിരിച്ചറിഞ്ഞു നിശബ്ദമായി കരഞ്ഞുപോയി.
ബാലിയെ നേരിടാന്‍ രാമന്‍ അവനെ ഉപദേശിച്ചു, എന്നാല്‍ തന്റെ സഹോദരന്‍ അതിശക്തിമാനാണെന്നും തനിക്ക് ജയിക്കാനാവില്ലെന്നും സുഗ്രീവന്‍ ഭയപ്പെട്ടു. അവനു ധൈര്യം നല്‍കാന്‍, സുഗ്രീവനും ബാലിയും തമ്മില്‍ ദ്വന്ദയുദ്ധം ചെയ്യുന്ന സമയത്ത് ഒരു വൃക്ഷത്തിനുപിന്നില്‍ ഒളിച്ചുനിന്ന്, സുഗ്രീവന്‍ അടയാളം കൊടുക്കുന്നതനുസരിച്ച് ബാലിയെ താന്‍ അമ്പെയ്ത് കൊന്നുകൊള്ളാമെന്ന് രാമന്‍ സമ്മതിച്ചു.
ബാലി സുഗ്രീവയുദ്ധം
രാമന്റെ വാക്കുകള്‍ കേട്ട് ഉത്സാഹത്തോടെ സുഗ്രീവന്‍ ബാലിയെ വെല്ലുവിളിച്ചു. താരയുടെ അപേക്ഷകള്‍ അവഗണിച്ച്, ബാലി തന്റെ കോട്ടയില്‍ നിന്ന് ചാടി സുഗ്രീവനെ നേരിടാന്‍ യുദ്ധക്കളത്തിലെത്തി. രണ്ട് സഹോദരന്മാരും അതിശക്തമായ ക്രോധത്തോടെ ഏറ്റുമുട്ടി. യോദ്ധാക്കളുടെ സ്വാഭാവികമായ തിളക്കത്തോടെ ശോഭിച്ചിരുന്ന അവര്‍ ശരീരപ്രകൃതിയിലും രൂപത്തിലും ബലത്തിലും തുല്യരായിരുന്നു, രാമന് പോലും അവരെ വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടായി. മത്തുപിടിച്ച രണ്ട് വലിയ ആനകള്‍ മാരകമായ യുദ്ധത്തില്‍ ഏര്‍പ്പെട്ടതുപോലെ അവര്‍ പോരാടി, അവരുടെ പ്രഹരങ്ങള്‍ ഭൂമിയെ കുലുക്കുകയും കാട്ടിലെ ജീവികളെ ഭയപ്പെടുത്തുകയും ചെയ്തു.
മല്‍പ്പിടുത്തത്തിനിടയില്‍ സഹോദരന്മാരെ രണ്ടാളേയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ അമ്പ് തൊടുക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് രാമന്‍ വിശദീകരിച്ചു. ‘അടുത്ത തവണ, നിന്നെ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ തിളക്കമുള്ള ഒരു പുഷ്പമാല നിന്റെ കഴുത്തില്‍ ഇട്ടാല്‍മതി.’ രാമന്റെ നിര്‍ദ്ദേശപ്രകാരം ഹനുമാന്‍ സുഗ്രീവന്റെ കഴുത്തില്‍ കാട്ടുപൂക്കളുടെ ഒരു മാല ചാര്‍ത്തി, അവനെ അടുത്ത സംഘട്ടനത്തിനായി തയ്യാറാക്കി.