36
ഒരു നൂറുകോടി ദിനകരരും നിശാകരരു –
മൊരുമിച്ചുദിച്ച പ്രഭയോടെ,
പരചിത്കലാകലിതപരിരംഭണങ്ങളൊടു-
മിടവും വലത്തുമൊരുപോലെ
പരശംഭുവിന്‍ നടനമഖിലേശ്വരീ, നിന്റെ
നിടിലാന്തമണ്ഡലമഹസ്സില്‍
പരിചോടു കണ്ടു മനമലരില്‍ മുകര്‍ന്നവനു
പരമവ്യയം പദവിയണയും
37
കണ്ണാടിപോലെ നിറമഴകും കലര്‍ന്ന ശിവ-
നമ്മേ, മഹാവ്യോമജനകന്‍
പെണ്‍മെയ്യിടത്തു വിലസുന്നോന്‍, വിശുദ്ധിസുമ-
ഗന്ധം നുകര്‍ന്നവനിരിപ്പൂ
ഭദ്രാംഗി, നിന്നുടലില്‍ നിന്നൂറിടുന്ന നവ-
ചന്ദ്രാംശുവാം നദിയില്‍ മുങ്ങി
കാണ്‍കിന്നു വിശ്വമൊരു ചെമ്പോത്തു പോലെ നില –
കൊള്ളുന്നു ശാന്തമഭിരാമം
38
അറിവായ് നിറഞ്ഞു ഹൃദി വിടരുന്ന പത്മ മതി –
ലമൃതുണ്ടിതാ ഹംസമിഥുനം
വെളിവായ് വരുന്നു മുനിമനസാം സരസ്സിലൊളി –
വിതറുന്ന കാന്തിപരിവേഷം
അരയന്നദമ്പതികളിവര്‍ മീട്ടിടും പ്രണയ
ഗമകങ്ങള്‍ പതിനെട്ടു കലയാ-
യിരുളിന്‍ കരാളജലമതില്‍ നിന്നിവര്‍ മീണ്ട
പുലരിപ്പയസ്സു വയമറിവൂ













