കൊച്ചി: ഗ്രേഡ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാര്‍, ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്തി കേരള പോലീസ് അസോസിയേഷനെ പുനസംഘടിപ്പിച്ച് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജൂലൈ 27ലെ ഉത്തരവിനെതിരെ അസോസിയേഷന്റെ സംസ്ഥാന സമിതി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ചോദ്യം ചെയ്യപ്പെട്ട ഉത്തരവിനെത്തുടര്‍ന്ന് ജൂലൈ 28ന് സംസ്ഥാന തലത്തില്‍ ഒരു താത്കാലിക സമിതി (അഡ്‌ഹോക് കമ്മിറ്റി) രൂപീകരിച്ചിട്ടുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ട കോടതി, തുടര്‍ ഉത്തരവുകള്‍ ഉണ്ടാകുന്നത് വരെ ഈ സമിതി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ഹര്‍ജി ആഗസ്ത് ആറിന് വീണ്ടും പരിഗണിക്കും.
















