രാമായണമാസാചരണം ഒരു സുപ്രഭാതത്തില്‍ പൊട്ടിവിരിഞ്ഞതല്ല. ചില ഹിന്ദുനേതാക്കന്മാര്‍ക്ക് അപ്രതീക്ഷിതമായി ഉണ്ടായ വെളിപാടുമല്ല. ഹിന്ദുസമൂഹത്തെ തകര്‍ക്കാന്‍ നിരന്തരം പരിശ്രമിക്കുന്ന ഒരുകൂട്ടം ആള്‍ക്കാരുടെ ചതിയുടെ പ്രതികരണമായാണ് രാമായണമാസം ആരംഭിക്കുന്നത്.
1981-ല്‍ തമിഴ്നാട്ടിലെ മീനാക്ഷിപുരം എന്നുപറയുന്ന സ്ഥലത്ത് ഒരു സുപ്രഭാതത്തില്‍ ആയിരത്തോളം ഹിന്ദുക്കള്‍ ഇസ്ലാംമതത്തിലേക്ക് മാറ്റപ്പെട്ടു. അതൊരു അപ്രതീക്ഷിത സ്‌ഫോടനമായിരുന്നു. ഒന്നും രണ്ടും അഞ്ചും പത്തും പേരെ മതം മാറ്റിക്കൊണ്ടിരിക്കുന്ന പ്രക്രിയ നൂറ്റാണ്ടുകളായി നടന്നു വരുന്നുണ്ടായിരുന്നു. ഇസ്ലാമികാക്രമണകാലത്തും ആയിരക്കണക്കിന് ആള്‍ക്കാരെ ബലംപ്രയോഗിച്ച് മതംമാറ്റിയിട്ടുണ്ട്. എന്നാല്‍ പ്രത്യക്ഷമായ ആക്രമണം കൂടാതെ ഇത്രയധികം പേരെ മതംമാറ്റിയത് ഹിന്ദുസമൂഹത്തിന് ഒരു ഞെട്ടിക്കല്‍ ചികിത്സയായിരുന്നു!
മീനാക്ഷിപുരം വാര്‍ത്തയറിഞ്ഞ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഈ കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തി. ഭാരതീയ ജനതാ പാര്‍ട്ടി അവരുടെ ആകാംക്ഷയും ഉത്കണ്ഠയും രേഖപ്പെടുത്തിക്കൊണ്ട് വാജ്പേയി തന്നെ നേരിട്ട് അന്വേഷിച്ചു. രാഷ്‌ട്രീയ സ്വയംസേവക സംഘവും തങ്ങളുടേതായ നിലയില്‍ കാര്യങ്ങള്‍ അന്വേഷിച്ചു. അപ്പോള്‍ ഒരു കാര്യം മനസ്സിലായി. മാസങ്ങളോളം നീണ്ടുനിന്ന ഗൂഢാലോചനയുടെയും വഞ്ചനയുടെയും ഫലമായിട്ടായിരുന്നു ഈ മതംമാറ്റം!
ഈ പറയുന്ന പ്രദേശത്ത് അപരിചിതരായ ധാരാളം ആള്‍ക്കാര്‍ ഏതാനും മാസങ്ങളായി വന്നുപോകുന്നുണ്ടായിരുന്നു. വലിയ കാറുകളിലും മറ്റു വാഹനങ്ങളിലും പലരും വരികയും പോകുകയും ചെയ്തത് അവിടെ താമസിച്ചിരുന്നവര്‍ കാര്യമായി എടുത്തില്ല. അപരിചിതരായവര്‍ ആരാണ്, അവര്‍ എന്തിനാണ് വരുന്നത്, അവര്‍ ആരെയാണ് കാണുന്നത്, ഇതൊന്നും ആ നാട്ടിലെ മറ്റു ഹിന്ദുക്കള്‍ അന്വേഷിച്ചില്ല. അതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന നിലയില്‍ അവര്‍ അലസരായി ഇരുന്നു. ഇത്തരമൊരു സംഭവം നടന്നു കഴിഞ്ഞു മാത്രമാണ് എല്ലാവരും കണ്ണുതുറന്നത്.
ആര്‍എസ്എസിന്റെ അന്വേഷണത്തില്‍ നിന്നും ചില കാര്യങ്ങള്‍ മനസ്സിലായി. ഒന്ന്, ജാതിപറഞ്ഞ് ഹിന്ദുക്കളെ മതംമാറ്റുന്ന ഏര്‍പ്പാട് ഇസ്ലാം – ക്രിസ്ത്യന്‍ മതങ്ങള്‍ക്ക് പണ്ടേ ഉള്ളതാണല്ലോ. ഇവിടെയും ആയുധമാക്കിയത് അതുതന്നെയാണ്. രണ്ട്, ഈ ഗ്രാമത്തിലെ ചില ആള്‍ക്കാരെ പണം കൊടുത്തു സ്വാധീനിച്ചിരുന്നു. ജനങ്ങളെ പറഞ്ഞ് ഇളക്കാന്‍ കഴിയുന്ന ആള്‍ക്കാരെ വിലയ്‌ക്കെടുത്തിരുന്നു. കൂടാതെ ചില പ്രലോഭനങ്ങളും സമ്മര്‍ദ്ദങ്ങളും കൂടിയായപ്പോള്‍ മതവ്യാപാരം ശക്തിപ്പെട്ടു. അതുകൂടാതെ ഹിന്ദുത്വത്തെ ആക്ഷേപിച്ചുകൊണ്ടും തെറ്റായി പ്രചരിപ്പിച്ചുകൊണ്ടും മാസങ്ങളായി നടത്തിയ മസ്തിഷ്‌കപ്രക്ഷാളനത്തില്‍ വീണുപോയിരുന്നു അവര്‍. ഹിന്ദുത്വം കെട്ടതാണെന്ന അപകര്‍ഷതാബോധം സൃഷ്ടിക്കപ്പെട്ടു. അങ്ങനെയാണ് അവരെല്ലാം മതംമാറാന്‍ തയ്യാറായത്. കൈനിറയെ പണം, തുടര്‍ന്ന് ഉണ്ടാകാന്‍പോകുന്ന നേട്ടങ്ങളുടെ പ്രലോഭനം, സ്വര്‍ഗ്ഗം കിട്ടുമെന്ന തട്ടിപ്പ്, സത്യമതം എന്ന നുണ മതപ്രചാരണം – എല്ലാംകൂടിയായപ്പോള്‍ കൂട്ടത്തോടെ അവര്‍ കച്ചവടക്കാരുടെ വലയില്‍ വീണു.
ഇതിനെ അതിജീവിക്കാന്‍ ആദ്യം വേണ്ടത് ആത്മാഭിമാനം ഉണര്‍ത്തുക എന്നതാണെന്ന് ഹിന്ദുനേതൃത്വം വിലയിരുത്തി. അതേത്തുടര്‍ന്ന് രാജ്യമെമ്പാടും ‘വിരാട് ഹിന്ദു സമ്മേളനങ്ങള്‍’ നടത്താന്‍ തീരുമാനിച്ചു. ഓരോ സംസ്ഥാനത്തും അത്തരം വലിയ ഹിന്ദുസമ്മേളനം നടത്തി. ഹിന്ദുത്വത്തെക്കുറിച്ചുള്ള പ്രചാരണവും പ്രസംഗങ്ങളും എഴുത്തുകളും ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തി. തുടര്‍ന്ന് മതം മാറിപ്പോയ ആയിരംപേരില്‍ തൊള്ളായിരത്തിലധികംപേരും വീണ്ടും ഹിന്ദുക്കളായി. പണം കൈപ്പറ്റിയവരും ഭീഷണിക്ക് വിധേയരായവരും മതവ്യാപാരികളുടെ കെണിയില്‍ വീണുപോയവരും മാത്രമായി വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് തിരിച്ചുവരാതിരുന്നത്.
ഹിന്ദുസമ്മേളനങ്ങളെത്തുടര്‍ന്ന് ആത്മവിശ്വാസം വര്‍ദ്ധിച്ചു. സ്വാഭിമാനം ഏറിയ ഹിന്ദുക്കള്‍ രാജ്യമെമ്പാടും സംഘടിച്ചു. അതിന്റെ ഭാഗമായി വിപുലമായ വിശാലഹിന്ദുസമ്മേളനം നടത്താന്‍ തീരുമാനിച്ചു. കേരളത്തിലും അതിനുവേണ്ടി വിപുലമായ സ്വാഗതസംഘവും സംഘാടകസമിതിയും വിളിച്ചു. സാമൂഹ്യസമത്വവും ഐക്യവും എന്നുള്ളതായിരുന്നു ലക്ഷ്യം. സ്വാഗതസംഘത്തിന്റെ അധ്യക്ഷനായി എം.കെ.കെ. നായരെയും ഉപാധ്യക്ഷനായി പിന്നാക്കം എന്നു പറയപ്പെടുന്ന (വാസ്തവത്തില്‍ അങ്ങനെ പിന്നാക്കവും മുന്നാക്കവും ഇല്ലതന്നെ) സമൂഹത്തില്‍ ജനിച്ച കുഞ്ഞോല്‍ മാഷിനെയും തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ശ്രീനാരായണ ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യകുടുംബത്തിലെ പ്രമുഖനും ജില്ലാ ജഡ്ജിയുമായിരുന്ന എ.ആര്‍. ശ്രീനിവാസനെയും നിശ്ചയിച്ചു.
സ്വാഗതസംഘത്തിന്റെ ഉദ്ഘാടനവും പതാക ഉയര്‍ത്തലും തമിഴ്നാട്ടില്‍ പിന്നാക്കം എന്നു പറയപ്പെടുന്ന സമൂഹത്തില്‍ ജനിച്ച ആത്മീയ ആചാര്യനായി മാറിയ കുപ്പുസ്വാമിയാണ് നടത്തിയത്. സമ്മേളനത്തിന്റെ ഓരോ ചുവടുവെപ്പും സാമൂഹ്യഐക്യത്തിന്റെ സന്ദേശം പറയാതെ പറയുകയാണ് ചെയ്തത്. തുടര്‍ന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും എല്ലാ സമുദായങ്ങളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന വിപുലമായ പ്രവര്‍ത്തനം നടത്തി. വിശാലഹിന്ദുസമ്മേളനത്തിന്റെ ബുദ്ധികേന്ദ്രങ്ങളായ പി. മാധവ്ജിയും പി. പരമേശ്വര്‍ജിയും കേരളമെമ്പാടും സഞ്ചരിച്ച് സന്യാസിശ്രേഷ്ഠരെയും സമുദായനേതാക്കളെയും നേരിട്ടുകണ്ടു. ഹിന്ദുഐക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശാലഹിന്ദുസമ്മേളനം വിജയിക്കേണ്ടതിനെക്കുറിച്ചും ചര്‍ച്ചചെയ്തു. എല്ലാ സമൂഹവും ഇതില്‍ പങ്കാളികളാകാന്‍ സന്നദ്ധരായി.
ഈ മഹാസമ്മേളനത്തിന്റെ പ്രവര്‍ത്തനം വിജയിക്കുന്നതുകണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ഒന്നുപോലെ വിറളിപൂണ്ടു. അവര്‍ വ്യാപകമായ നുണപ്രചാരണങ്ങളും ആക്ഷേപങ്ങളും ചൊരിഞ്ഞുകൊണ്ടേയിരുന്നു. അതില്‍ കോണ്‍ഗ്രസിലെ കെ.കെ. വിശ്വനാഥന്‍ ആയിരുന്നു ഏറ്റവും വ്യാപകമായ പ്രചാരണം അഴിച്ചുവിട്ടത്. വ്യാജപ്രചാരണങ്ങളുടെ കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ അതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ സംഘാടകരും തീരുമാനിച്ചു. മാധവ്ജിയുടെ നിര്‍ദ്ദേശപ്രകാരം കുഞ്ഞോല്‍ മാഷ് തന്നെ പ്രധാനകേന്ദ്രങ്ങളില്‍ പ്രസംഗങ്ങള്‍ നടത്തി. വിശ്വനാഥന്റെ വീടിനടുത്തുതന്നെ വലിയ പൊതുസമ്മേളനം നടത്തി ആക്ഷേപക്കാരുടെ വാദങ്ങളുടെ മുനയൊടിച്ച് മറുപടി പറഞ്ഞു. അതിനുശേഷമാണ് എല്ലാവരും ഒന്നടങ്ങിയത്.
1982 ജൂലൈ 4-ന് കേരളത്തിന്റെ സര്‍വ്വ പഞ്ചായത്തുകളില്‍നിന്നും വാഹനങ്ങളില്‍ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഒഴുകിയെത്തി. പരമേശ്വര്‍ജി എഴുതിയ, ‘ഹിന്ദുക്കള്‍ നാം ഒന്നാണേ…’ എന്നുതുടങ്ങുന്ന ഗാനം അനേകായിരം കണ്ഠങ്ങളില്‍നിന്ന് മുഴങ്ങി. എറണാകുളം പട്ടണത്തിന്റെ നാനാവശങ്ങളില്‍നിന്നുമായി ആറുലക്ഷത്തോളം ആള്‍ക്കാര്‍ പട്ടണനടുവിലുള്ള മഹാരാജാസ് കോളേജ് ഗ്രൗണ്ടിലേക്ക് പ്രയാണമാരംഭിച്ചു. എന്നാല്‍ അതിന്റെ ഒരു ഭാഗത്തിനുമാത്രമേ മൈതാനിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞുള്ളൂ. ബാക്കിയെല്ലാവരും നഗരവീഥികളില്‍ നിറഞ്ഞുനിന്നു.
വിശാലഹിന്ദുസമ്മേളനം അഭിനവ യോഗേശ്വരന്‍ ശ്രീമദ് ചിന്മയാനന്ദസ്വാമികള്‍ ഉദ്ഘാടനം ചെയ്തു. പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശതീര്‍ത്ഥ അനുഗ്രഹപ്രഭാഷണം നടത്തി. വിരാട് ഹിന്ദു സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്ന ഡോ. കരണ്‍സിങ് മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് സര്‍കാര്യവാഹ് പ്രൊഫ. രാജേന്ദ്രസിങ് ആശംസാപ്രസംഗം നടത്തി. എം.കെ.കെ. നായര്‍, കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള, എ.ആര്‍. ശ്രീനിവാസന്‍, നവോത്ഥാന നായകനായ പി.കെ. ഡീവര്‍ തുടങ്ങിയവരെല്ലാം പ്രസംഗിച്ചു.
ഹിന്ദുസമൂഹം പിന്നോട്ടല്ല മുന്നോട്ടുതന്നെയാണ് പോകുന്നതെന്ന് ഹിന്ദുക്കള്‍ക്ക് സ്വയവും മറ്റുള്ളവര്‍ക്കും ബോധ്യപ്പെട്ടു. ആത്മവിശ്വാസം പതിന്മടങ്ങായി വര്‍ദ്ധിച്ചു. വീണുപോ
യി എന്നു കരുതിയ ഹിന്ദുസമൂഹത്തെ ആകാശത്തോളം ഉയര്‍ത്താന്‍ പോന്നതായിരുന്നു വിശാലഹിന്ദുസമ്മേളനം! ഇതിന്റെ വിജയവും ആവേശവും കണ്ടറിഞ്ഞ ആക്ഷേപകര്‍ പത്തിമടക്കി. അതുവരെ കാര്യമായ വാര്‍ത്തകളോ പ്രചാരണമോ നല്‍കാതിരുന്ന പത്രങ്ങളെല്ലാം മത്സരിച്ച് വാര്‍ത്തകളും ചിത്രങ്ങളും കൊടുത്തുതുടങ്ങി. പ്രധാന പ്രസംഗകരുടെ പ്രഭാഷണവും സംഘാടകമികവും ഒക്കെ ഇംഗ്ലീഷ് പത്രങ്ങളടക്കം എടുത്തെഴുതി!
ഏപ്രില്‍ അഞ്ചിന് എറണാകുളം ടൗണ്‍ഹാളില്‍ പ്രതിനിധി സമ്മേളനം നടന്നു. അതിന്റെ മുന്നോടിയായി നടത്തിയ ഗണപതിഹോമത്തിന്റെ മുഖ്യകര്‍മ്മി ശ്രീനാരായണ പരമ്പരയില്‍പെട്ട പറവൂര്‍ ശ്രീധരന്‍ തന്ത്രിയായിരുന്നു. അതിന് പരികര്‍മ്മിയായി നിലകൊണ്ടത് സൂര്യകാലടി സൂര്യന്‍ ഭട്ടതിരിപ്പാടും പെരുവനം കെ.പി.സി. അനുജന്‍ ഭട്ടതിരിപ്പാടും ആയിരുന്നു. അതും വിളിച്ചുകൂവാതെ നടത്തപ്പെട്ട ഒരു സാമൂഹ്യപരിവര്‍ത്തനത്തിന്റെ പ്രഘോഷണമായി പരിണമിച്ചു.
പ്രതിനിധിസമ്മേളനത്തില്‍ 12 പ്രമേയങ്ങള്‍ പാസാക്കി. ഹിന്ദു ഐക്യത്തെക്കുറിച്ചും മതംമാറ്റം, സംവരണം, ക്ഷേത്രഭരണം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുമായിരുന്നു പ്രമേയങ്ങള്‍. പ്രതിനിധിസമ്മേളനത്തിലും മേല്‍വിവരിച്ച മഹാത്മാക്കളൊക്കെ ഉപദേശത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുമായി സന്നിഹിതരായിരുന്നു. വിശാലഹിന്ദു സമ്മേളനത്തിന്റെ വിജയത്തെത്തുടര്‍ന്ന് ഇനി എന്തു ചെയ്യണം എന്നാലോചിക്കാന്‍ ഗുരുവായൂരില്‍ സംഘാടകസമിതി യോഗം ചേര്‍ന്നു. ആ യോഗത്തില്‍വെച്ചാണ് കര്‍ക്കടകമാസം രാമായണമാസമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്തത്. അത് മറ്റൊരു സ്‌ഫോടനത്തിന് കാരണമായി.
ഈ ആഹ്വാനത്തെത്തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് കവിയായ തിരുനെല്ലൂര്‍ കരുണാകരന്‍, രാമനും രാമായണ സംസ്‌കാരത്തിനും എതിരെ കടുത്ത ആക്ഷേപമുന്നയിച്ചു. ശൂദ്രമേധസംസ്‌കാരം തിരിച്ചുകൊണ്ടുവരാനാണ് രാമായണം പ്രചരിപ്പിക്കുന്നതിലൂടെ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആക്ഷേപിച്ചു. രാമനും രാമായണവുമല്ല ഭാരതത്തെ നയിക്കേണ്ടത് എന്ന് പ്രഖ്യാപിച്ചു. അതേത്തുടര്‍ന്ന് തിരുനെല്ലൂര്‍ നടത്തിയ ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് പി. പരമേശ്വര്‍ജി ജന്മഭൂമി പത്രത്തില്‍ ലേഖനമെഴുതി. കവി കരുണാകരന്‍ വീണ്ടും തന്റെ ആക്ഷേപങ്ങള്‍ വിപുലപ്പെടുത്തിക്കൊണ്ട് ദേശാഭിമാനിയില്‍ ലേഖനം ആവര്‍ത്തിച്ചു. അതിന് വിശദവും സമഗ്രവുമായ മറുപടി പറഞ്ഞുകൊണ്ട് പരമേശ്വര്‍ജി വീണ്ടും പ്രതിരോധിച്ചു. അതില്‍ ദേശാഭിമാനി വാരികയുടെ എഡിറ്ററായിരുന്ന തായാട്ട് ശങ്കരന്റെതന്നെ വാദങ്ങളെ മുന്‍പില്‍ വെച്ചുകൊണ്ടായിരുന്നു തിരുനെല്ലൂരിനെതിരെ പരമേശ്വര്‍ജി അസ്ത്രം തൊടുത്തത്. അതിനു മറുപടി പറയാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. അതേസമയം പുറത്തും വ്യാപകമായ ചര്‍ച്ചകളും തര്‍ക്കങ്ങളും നടക്കുന്നുണ്ടായിരുന്നു.
ഇന്ന് 44 വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞു നോക്കുമ്പോള്‍ ആരുടെ നിലപാടായിരുന്നു ശരി എന്ന് നമുക്ക് കാണാന്‍ കഴിയും.
അന്നുതൊട്ട് ഇന്നുവരെ രാമായണത്തിനും രാമനും രാമായണ സംസ്‌കാരത്തിനും എതിരെ കമ്മ്യൂണിസ്റ്റുകള്‍ നിരന്തരം ആക്ഷേപങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരുന്നു. കോണ്‍ഗ്രസുകാര്‍ വിശാലഹിന്ദുസമ്മേളനത്തിന്റെ വിജയത്തോടെ പത്തി മടക്കി. എന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് വിശാലഹിന്ദുസമ്മേളനവിജയവും രാമായണമാസാചരണപ്രഖ്യാപനവും തീരെ സഹിച്ചിരുന്നില്ല. കാരണം മഹാവിപ്ലവം സ്വപ്‌നംകണ്ടു വന്നവര്‍ക്ക് ഒരു കുഞ്ഞ് അലപോലും സൃഷ്ടിക്കാന്‍ കഴിയാതെ ഭാരതത്തിന്റെ മണ്ണില്‍ വിപ്ലവം പിടഞ്ഞൊടുങ്ങുന്നത് കാണേണ്ടിവന്നു.
സനാതന ധര്‍മ്മത്തിന്റെ കരുത്തുറ്റ വേരുകളില്‍ വളര്‍ന്ന് പടര്‍ന്നുപന്തലിച്ച സംസ്‌കാരത്തിന്റെ ഒരു പൊടിവേരിനെ പോലും ഇളക്കിക്കളയാന്‍ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ക്ക് കഴിഞ്ഞില്ല. സനാതനധര്‍മ്മമാകുന്ന വടവൃക്ഷത്തില്‍ ഇടക്കാലങ്ങളില്‍ പടര്‍ന്നുപിടിച്ച ഇത്തിള്‍ക്കണ്ണികള്‍ ഉയര്‍ത്തിക്കാട്ടി ഹിന്ദുത്വം ഒട്ടാകെ കെട്ടതാണ് എന്ന വാദമായിരുന്നു കമ്മ്യൂണിസ്റ്റുകള്‍ ഉയര്‍ത്തിയത്. എന്നാല്‍ അത്തരം ഇത്തിള്‍ക്കണ്ണികളെയും മറ്റു കീടങ്ങളെയും അതതുകാലത്ത് നമ്മുടെ ആത്മീയ ആചാര്യന്മാരും നവോത്ഥാനനായകരും പറിച്ചെറിഞ്ഞ കാര്യം അവര്‍ മറച്ചുവെക്കുകയും ചെയ്തു.
ഇന്ന് രാമായണമാസത്തെ ആക്ഷേപിച്ചവര്‍ രാമായണപ്രഭാഷകരായി മാറിയിരിക്കുന്നു. ഹിന്ദുത്വത്തെ അധിക്ഷേപിക്കുന്ന പത്രങ്ങളും ചാനലുകളും കര്‍ക്കടകമാസം ഒന്നാം തീയതി മുതല്‍ രാമായണപാരായണം സംഘടിപ്പിക്കുന്നു. രാമായണത്തെയും സനാതനധര്‍മ്മത്തെയും ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിച്ചു തുടങ്ങിയ മാധ്യമങ്ങള്‍ പലതും ഇന്ന് രാമായണം വിറ്റ് സമ്പത്ത് ആര്‍ജ്ജിക്കുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇന്ന് രാമായണശീലുകള്‍ മുഴങ്ങുന്നു. തുഞ്ചത്താചാര്യന്റെ ഭക്തിസാന്ദ്രമായ അദ്ധ്യാത്മരാമായണം കേരളത്തിന്റെ ആധ്യാത്മിക-സാംസ്‌കാരിക മണ്ഡലത്തെ ക്ഷാളനംചെയ്തു ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. കേരളം രാമായണശീലുകളില്‍ ആറാടുകയാണ്!
















