ചെന്നൈ: അനുമോള്‍ എന്ന മലയാള നടി തമിഴിലേക്ക് ചേക്കേറുന്നു. അവിടെ ഒരു പിടി അവസരങ്ങളാണ് താരത്തെ തേടി വന്നിരിക്കുന്നത്. പാരീസ് കഫേ, ലോയര്‍ എന്നീ സിനിമകളും ഹാർട്ട് ബീറ്റ് സീസണ്‍ 3 എന്ന വെബ് സീരീസുമാണ് ഇപ്പോഴത്തെ പ്രൊജക്ടുകള്‍. ഈ വർഷം നാലഞ്ചു തമിഴ് സിനിമകള്‍ ചെയ്യുമന്നും അനുമോള്‍ പറയുന്നു.
‘കണ്ണുക്കുള്ളേ’ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കാൻ പി.ആർ.ഒ അജയൻ ചേട്ടൻ അവസരം ഒരുക്കിയതിലൂടെയാണ് തമിഴില്‍ എത്തിയത്. ഇളയരാജ സാറിന്റെ സംഗീത സാന്ദ്രമായ ചിത്രം ആണ് ‘കണ്ണുക്കുളളേ’.ഇതിനുശേഷം രാംർ, മകഴ്ചി എന്നീ ചിത്രങ്ങള്‍ കൂടി തമിഴില്‍ ചെയ്തു.
എട്ട് ഭാഗമുള്ള വെബ് സീരീസ് അയ് ലിയിലെ അഭിനയം അനുമോള്‍ക്ക് തമിഴില്‍ വലിയ സ്വീകാര്യത നല‍്കി. ഈ വെബ് സീരീസിലെ നായികാകഥാപാത്രമായ തമിഴ് ശെല്‍വിയുടെ അമ്മ കുറുവമ്മാളായാണ് അനുമോള്‍ എത്തിയത്. ഒരു കുഗ്രാമത്തിലെ സ്ത്രീയായ കുറുവമ്മാളിനെ അനുമോള്‍ അനശ്വരയാക്കിയെന്നാണ് അഭിപ്രായം.
പക്ഷെ ഹാര്‍ട്ട് ബീറ്റ് സീസണ്‍ 1 എന്ന വെബ് സീരീസാണ് അനുമോളുടെ ജീവിതം മാറ്റിമറിച്ചത്. ജിയോ ഹോട്ട് സ്റ്റാലില്‍ സംപ്രേഷണം ചെയ്ത മെഡിക്കല്‍ രംഗത്തെ ചുറ്റിപ്പറ്റിയുള്ള ഈ വെബ് സീരീസ് വന്‍ ഹിറ്റായി. അതോടെ ഇതിന്റെ രണ്ടാം ഭാഗം ഹാര്‍ട്ട് ബീറ്റ് സീസണ്‍ 2 എന്ന പേരില്‍ ഇറങ്ങി. ഇപ്പോള്‍ ഹാർട്ട് ബീറ്റ് സീസണ്‍ 3 ല്‍ എത്തിനില്‍ക്കുന്നു. മെഡിക്കല്‍ രംഗത്തെ ചില ദുഷ്പ്രവണതകള്‍ മറനീക്കിക്കാണിക്കുന്ന ഈ സിനിമയില്‍ ഡോ. രതി ത്യാഗരാജന്‍ എന്ന കഥാപാത്രത്തെയാണ് അനുമോള്‍ ചെയ്തത്. ഈ കഥാപാത്രത്തിന് സമൂഹമാധ്യമങ്ങളില്‍ വന്‍ കയ്യടിയാണ് ലഭിച്ചിരിക്കുന്നത്. “ഡോ. രതിയെപോലെ ശക്തയും ഉത്തരവാദിത്വബോധം നിറഞ്ഞതും അതേസമയം സ്നേഹനിധിയും കുടുംബത്തെയും സഹപ്രവർത്തകരെയും ചേർത്തു പിടിക്കുകയും ചെയ്യുന്ന സ്ത്രീയെ ആരും ഇഷ്ടപ്പെട്ട് പോകും”- യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനുമോള്‍ പറയുന്നു. .കഴിഞ്ഞ മൂന്നു വർഷമായി ഹാർട്ട് ബീറ്റ് വെബ് സീരിസിന്റെ സെറ്റിലാണ് അനുമോള്‍. ഏത് തമിഴ് നടിയും കൊതിയ്‌ക്കുന്ന റോള്‍ ആണ് അനുമോള്‍ക്ക് കിട്ടിയിരിക്കുന്നത്.
ഗുരുസോമസുന്ദരവും അനുമോളും നായക-നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് പാരിസ് കഫേ. പ്രണയം, പ്രണയബന്ധം, വിരഹം എന്നീ സ്ത്രീപുരുഷ ബന്ധത്തിന്റെ മൂന്ന് ഘട്ടങ്ങള്‍ അവതരിപ്പിക്കുന്ന സിനിമയാണിത്.
വിജയ് ആന്‍റണി നായകനായ ലോയർ എന്ന സിനിമ ഇറങ്ങാനിരിക്കുകയാണ്. മുഷ്ടികൊണ്ടുള്ള യുദ്ധമല്ല, വസ്തുതകള്‍ കൊണ്ടുള്ള യുദ്ധമാണ് ഇവിടെ സംഭവിക്കുന്നതെന്നാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ബോളിവുഡ് നടി രവീണ ടണ്ടനും ഇതില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കൊച്ചിയില്‍ ഏറെ നാള്‍ ജീവിച്ച അനുമോള്‍ ഇപ്പോള്‍ സ്വന്തം നാടായ നടുവട്ടത്തേക്ക് തിരിച്ചുപോയി. ഇപ്പോള്‍ അവിടെയാണ് സ്ഥിരതാമസം. നടുവട്ടത്ത് മനോഹരേട്ടന്റെയും കല ചേച്ചിയുടെയും മകള്‍ ജീവിക്കുന്ന ജീവിതം ആണ് ഞാൻ ജീവിക്കുന്നതെന്ന് അനുമോള്‍ പറയുന്നു.
















