ന്യൂദല്‍ഹി: ഈ വര്‍ഷത്തെ ദേശീയ കായിക പുരസ്‌കാര ജേതാക്കളെ കണ്ടെത്താനുള്ള പന്ത്രണ്ടംഗ സമിതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിനെയും ഹോക്കി താരം സര്‍ദാര്‍ സിങ്ങിനെയും ഉള്‍പ്പെടുത്തി.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ കായിക താരങ്ങളില്‍ നിന്നും പരിശീലകരില്‍ നിന്നും അവാര്‍ഡ് ജേതാക്കളെ കണ്ടെത്താന്‍ ഒറ്റ സെലക്ഷന്‍ കമ്മിറ്റിയെയാണ് നിയമിച്ചിരിക്കുന്നതെന്ന് കായിക മന്ത്രാലയം അറിയിച്ചു. റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി മുകുന്ദാകം ശര്‍മയാണ് സമിതി അധ്യക്ഷന്‍.
പാരാലിമ്പിക് വെള്ളിമെഡല്‍ ജേതാവ് ദീപ മാലിക്ക്, മുന്‍ ടേബിള്‍ ടെന്നീസ് താരം മൊണാലിസ ബറൂവ, ബോക്‌സിങ് താരം വെങ്കടേശന്‍ ദേവരാജന്‍, സ്‌പോര്‍ട്‌സ് കമന്റേറ്റര്‍ മനീഷ് ഭട്ടാവിയ, പത്രപ്രവര്‍ത്തകരായ അലോക് സിന്‍ഹ, നീരു ഭാട്ടിയ എന്നിവരും സമിതിയിലുണ്ട്. ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിന്റെ ജന്മദിനമായ ആഗസ്റ്റ് 29 നാണ് എല്ലാ വര്‍ഷവും ദേശീയ കായിക അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.
















