വാഷിങ്ടണ്‍: എതിരാളി ആരെന്ന് ചോദിക്കേണ്ട. ഇടിച്ചിടുക തന്നെ ചെയ്യും. യുഎഫ്‌സി സൂപ്പര്‍ താരം കൊണര്‍ മക്ഗ്രിഗറിനെ ഇടിച്ചിടാനും 54-ാമത്തെ വയസില്‍ തനിക്കാകുമെന്ന് ബോക്‌സിങ് ഇതിഹാസം മൈക് ടൈസണ്‍. മക്ഗ്രിഗറിനെ റിങ്ങില്‍ കിട്ടിയാല്‍ ആര് ജയിക്കുമെന്ന് സംശയിക്കേണ്ട. ഇടിച്ച് നിലത്തിടാന്‍ തനിക്കാകും.
‘ദ ടുനൈറ്റ് ഷോ വിത്ത് ജിമ്മി ഫാലണ്‍’ എന്ന പരിപാടിയില്‍ അവതാരകന്‍ മുന്നോട്ട് വച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ടൈസണ്‍.
കഴിഞ്ഞ മാസം വിരമിച്ച കൊണര്‍ മക്ഗ്രിഗറിനെ നേരിടാന്‍ അവസരം ലഭിച്ചാല്‍ ആര് ജയിക്കുമെന്നായിരുന്നു ചോദ്യം. ചോദ്യത്തിനായി ഉപയോഗിച്ച മക്ഗ്രിഗറിന്റെ ചിത്രം നന്നായിട്ടുണ്ടെന്നും എന്നാല്‍ റിങ്ങില്‍ ഇടിച്ച് ഷെയ്‌പ്പ് മാറ്റുമെന്നുമായിരുന്നു ടൈസന്റെ മറുപടി. ഇതോടെ ടൈസണ്‍-മക്ഗ്രിഗര്‍ പോരാട്ടം റിങ്ങില്‍ ഉണ്ടാകുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ഉയര്‍ന്നു കഴിഞ്ഞു.
2005ല്‍ വിരമിച്ച മൈക് ടൈസണ്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷം തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു. റോയ് ജോണ്‍സ് ജൂനിയറുമായി എട്ട് റൗണ്ട് അടങ്ങുന്ന പ്രദര്‍ശന മത്സരത്തിനാണ് തയാറെടുക്കുന്നത്. സപ്തംബര്‍ 12നാണ് മത്സരം.
















