ഏതന്‍സ്: ഗ്രീസിലൂടെയുള്ള ടോക്കിയോ ഒളിമ്പിക്‌സ് ദീപശിഖാ പ്രയാണം നിര്‍ത്തിയതായി ഗ്രീസ് ഒളിമ്പിക് കമ്മറ്റി അറിയിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം മാര്‍ച്ച് 19ന് ദീപശിഖ ടോക്കിയോ ഒളിമ്പിക്‌സ് സംഘാടകര്‍ക്ക് കൈമാറും.
ദീപശിഖ പ്രയാണം കടന്നുപോകുന്ന വഴികളിലും ഇടയക്ക് നിര്‍ത്തുന്ന സ്ഥലങ്ങളിലും ജനങ്ങള്‍ തിങ്ങിനിറഞ്ഞതിനെ തുടര്‍ന്നാണ് ഗ്രീസിലെ ഒളിമ്പിക് ദീപശിഖ പ്രയാണം നിര്‍ത്തിവയ്‌ക്കാന്‍ ഗ്രീസ് ഒളിമ്പിക്‌സ് കമ്മിറ്റി തീരുമാനിച്ചത്.
കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ദീപശിഖ പ്രയാണം കടന്നുപോകുന്ന വീഥികളില്‍ ഒത്തുകൂടരുതെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ജനം എത്തിയത്. വ്യാഴാഴ്ചയാണ് ഗ്രീസില്‍ നിന്ന് ഒളിമ്പിക് ദീപ ശിഖ പ്രയാണം ആരംഭിച്ചത്. ഗ്രീസില്‍ ഇതുവരെ 117 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചു.
















