പോച്ചെസ്ട്രൂം (ദക്ഷിണാഫ്രിക്ക): ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ന് നടക്കുന്ന മൂന്നാമത്തെ ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ സീനിയര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കളിക്കില്ല. ഭാര്യ അലീസ ഹീലയുടെ പ്രകടനം കാണാന്‍ സ്റ്റാര്‍ക്ക് മെല്‍ബണിലേക്ക് പോയി.
അലീസ ഹീലയുള്‍പ്പെടുന്ന ഓസ്‌ട്രേലിയന്‍ വനിതാ ടീം, ഐസിസി ടി 20 വനിത ലോകകപ്പിന്റെ ഫൈനലില്‍ നാളെ മെല്‍ബണില്‍ ഇന്ത്യയുമായി മാറ്റുരയ്‌ക്കും.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സ്വന്തം മണ്ണില്‍ ഭാര്യ അലീസ ലോകകപ്പ് ഫൈനല്‍ കളിക്കുന്നത് കാണാന്‍ അവസരം കൈവന്നിരിക്കുകയാണ്. അതിനാല്‍ മിച്ചലിന് നാട്ടിലേക്ക് തിരിച്ചുപോകാന്‍ അനുമതി നല്‍കിയിരിക്കുകയാണെന്ന് ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു.
ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 0-2ന് പിന്നിട്ടുനില്‍ക്കുകയാണ്. സ്റ്റാര്‍ക്കിന്റെ അഭാവത്തില്‍ ഇന്ന് ജോഷ് ഹെയ്‌സല്‍വുഡ്, ജെ. റിച്ചാര്‍ഡ്‌സണ്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ ഇവരിലൊരാള്‍ അവസാന ഇലവനില്‍ മത്സരിക്കും.
















