കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകക്കേസിൽ എട്ടുവർഷത്തിന് ശേഷം വിചാരണ നടപടികൾ ആരംഭിച്ചു. എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ ഇന്ന് സാക്ഷിവിസ്താരം നടന്നു. കേസിലെ 16 പ്രതികളും കോടതിയിൽ ഹാജരായി.
ഒരേ വേഷവിധാനത്തിൽ മാസ്ക് ധരിച്ചാണ് പ്രതികൾ കോടതിയിലെത്തിയത്. വെള്ളമുണ്ടും വെള്ള ഹാഫ് കൈ ഷർട്ടും കറുത്ത ഷൂസുമായിരുന്നു എല്ലാവരുടെയും വേഷം. തിരിച്ചറിയാൻ പ്രയാസമുണ്ടാക്കുന്ന തരത്തിൽ മുടിയും ഒരേ രീതിയിൽ വെട്ടിയിരുന്നു. എന്നാൽ, ജഡ്ജിയുടെ നിർദേശത്തെത്തുടർന്ന് പ്രതികൾ മാസ്ക് അഴിച്ചുമാറ്റി.
കേസിലെ വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ 24, 25 പ്രതികളായ നജീബും ഷാനവാസും നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യവും കോടതി നേരത്തെ നിരാകരിച്ചിരുന്നു. കേസ് അടച്ചിട്ട മുറിയിൽ പരിഗണിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഈ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും നേരത്തെ തള്ളിയിരുന്നു.
എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഭിമന്യു, ഇടുക്കി വട്ടവട സ്വദേശിയായിരുന്നു. 2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് മഹാരാജാസ് കോളേജിൽവച്ച് അഭിമന്യു കൊല്ലപ്പെട്ടത്. പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങൾക്കിടെയുണ്ടായ സംഘർഷത്തിനിടെ അഭിമന്യുവിന്റെ നെഞ്ചിൽ കുത്തേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു.
















