കൊച്ചി: രാഷ്‌ട്രീയ സ്വയംസേവക സംഘം ഇടുക്കി വിഭാഗ് പ്രചാർ പ്രമുഖ് ഡോ.മേജർ ആർ ലാൽ കൃഷ്ണ (45) അന്തരിച്ചു. ഇന്ന് പുലർച്ചെ നാല് മണിക്കായിരുന്നു അന്ത്യം. രാഷ്‌ട്രിയ സ്വയംസേവക സംഘത്തിന്റെ ശ്രീകൃഷ്ണപുരം ശാഖയിലൂടെ പൊതു പ്രവർത്തന രംഗത്ത് എത്തിയ ലാൽ കൃഷ്ണ സൈനിക സേവനത്തിന് ശേഷം കുറച്ചു കാലം ദൽഹിയിൽ സംഘത്തിന്റെ ചുമതലകൾ വഹിച്ചിരുന്നു.
ജനം ടി.വി സിഇഒ, അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രം കോഡിനേറ്റർ, കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി, തൊടുപഴ സരസ്വതി സ്കൂൾ അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ ചുമതലകൾ വഹിച്ചു വരികയായിരുന്നു. ഇക്കഴിഞ്ഞ പ്രളയത്തിൽ രക്ഷാ പ്രവർത്തനങ്ങളിൽ സ്വന്തം ആരോഗ്യം നോക്കാതെ പങ്കെടുത്തു, പനി കൂടി നിമോണിയ ആയി കഴിഞ്ഞ ഒന്നര മാസത്തിലേറെയായി ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് തൊടുപുഴ കുമാരമംഗലത്തെ വീട്ടുവളപ്പിൽ. പെരുമ്പിള്ളിച്ചിറ (ശ്രീകൃഷ്ണപുരം) വൈഷണവം (ഗൗരി മന്ദിരം) പി.എൻ രാമകൃഷ്ണന്റെ മകനാണ് ലാൽ കൃഷ്ണ. ഭാര്യ റിട്ടയേർഡ് മേജർ അമ്പിളി ലാൽ കൃഷ്ണ. മകൻ വൈഷണവ് (വിദ്യാർത്ഥി സരസ്വതി സ്കൂൾ തൊടുപുഴ).
















