മുംബൈ: നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി എംഎസ് ധോണിയുടെ കൈയിലാണെന്ന് ഇതിഹാസ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ധോണി ഇനിയും വിരമിക്കുന്നില്ലെങ്കില്‍ അത് ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ധോണിയില്ലാത്ത ടീമിനെക്കുറിച്ച് ആലോചിക്കേണ്ട സമയം അതിക്രമിച്ചു. എന്നാല്‍ ധോണിയുടെ മനസില്‍ എന്താണെന്ന് അദ്ദേഹത്തിനു മാത്രമേ അറിയുകയുള്ളു. അദ്ദേഹത്തിന്റെ ആരാധകരില്‍ ഒരാളാണ് താനെന്നും അദ്ദേഹത്തോടുള്ള ആരാധനയോടുകൂടിയാണ് ഇക്കാര്യം പറയുന്നതെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.
ധോണി മറ്റാരുടെയും സമര്‍ദ്ദമില്ലാതെ ഇക്കാര്യത്തില്‍ സ്വയം തീരുമാനമെടുത്ത് വിരമിക്കുന്നതായിരിക്കും അഭികാമ്യം. ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞതെന്നതും ശ്രദ്ധേയമാണ്.
നായകനായും വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപാട് സംഭാവനകള്‍ നല്കിയ താരമാണ് ധോണി. പക്ഷെ നിലവില്‍ ധോണിക്ക് 38 വയസായി. അടുത്ത ട്വന്റി 20 ലോകകപ്പില്‍ 39 വയസാകും. അതുകൊണ്ടുതന്നെ ടീം ഈ വിഷയത്തില്‍ വേഗം ഒരു തീരുമാനം സ്വീകരിച്ചേ മതിയാകുവെന്ന് ഗവാസ്‌ക്കര്‍ പറഞ്ഞു.
















