ചെന്നൈ: ബാഡ്മിന്റണിലെ ലോക ചാമ്പ്യനായം പി.വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ നിവേദനവുമായി വയോധികന്‍. തമിഴ്‌നാട് രാമനാഥപുരം ജില്ലക്കാരനായ എഴുപത്‌വയസുള്ള മലൈസാമിയാണ് വിചിത്രമായ ആവശ്യവുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച നിവേദനം മലൈസാമി കലക്ടര്‍ക്ക് കൈമാറി. 24 കാരിയായ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിനെ വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് നിവേദനത്തില്‍ പറഞ്ഞിരിക്കുന്നത്.
വിവാഹത്തിന് ആവശ്യമായ നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചില്ലെങ്കില്‍ സിന്ധുവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുമെന്നും ഇയാള്‍ കളക്ടര്‍ക്ക് നല്‍കിയ കത്തില്‍ പറഞ്ഞിട്ടുണ്ട്. ജില്ലാ കളക്ടര്‍ സംഘടിപ്പിച്ച പ്രതിവാര യോഗത്തിനിടെയായിരുന്നു സംഭവം. പൊതുജനങ്ങള്‍ക്ക് അവരുടെ അപേക്ഷകളും പരാതികളും സമര്‍പ്പിക്കാന്‍ വേണ്ടിയാണ് പ്രതിവാര യോഗം നടത്തുന്നത്.
ബാഡ്മിന്റണ്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവായ പി.വി സിന്ധുവിന്റെയും തന്റെയും ഫോട്ടോയും സിന്ധുവിനെ വിവാഹം കഴിക്കാനുള്ള താല്‍പര്യം വ്യക്തമാക്കുന്ന കത്തും കൊണ്ടായിരുന്നു മലൈസാമി കളക്ട്രേറ്റില്‍ എത്തിയത്. നിവേദനം വായിച്ചുനോക്കിയ കളക്ടര്‍ ഇയാളോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴും വിവാഹം കഴിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തത്.
















