റാഞ്ചി : പാര്‍ട്ടിക്കുള്ളില്‍ കാലുവാരല്‍ രൂക്ഷം ഝാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു. സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളില്‍ ഒരു വിഭാഗം ക്രിമിനലുകളേക്കാള്‍ മോശമാണെന്നും അതിനാല്‍ പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിയുകയാണെന്നാണ അജോയ് കുമാര്‍ അറിയിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് അജോയ് രാഹുല്‍ ഗാന്ധിക്ക് അയച്ച കത്ത് ട്വിറ്ററിലൂടെ അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാന നേതൃത്വത്തിനുള്ളിലെ വിള്ളലും കൂടിയാണ് പുറത്തുവന്നിരിക്കുന്നതെന്നും ആരോപണമുണ്ട്. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ അജോയ് കുമാറിന്റെ രാജി സംസ്ഥാനത്തെ പാര്‍ട്ടിക്ക് വന്‍ പ്രതിസന്ധിയാണ് ഉയര്‍ത്തിയിരിക്കുന്നത്.
മുതിര്‍ന്ന നേതാക്കളായ സുബോധ് കന്ത് സഹായ്, രാമേശ്വര്‍ ഓറാവോണ്‍ തുടങ്ങിയവരെ കാലുവാരികളെന്നും അദ്ദേഹം രാജിക്കത്തില്‍ ആരോപിക്കുന്നുണ്ട്.
















