ന്യൂദല്‍ഹി: മുന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജിയ്‌ക്ക് ഭാരതരത്ന നല്‍കുന്ന ചടങ്ങ് ബഹിഷ്‌കരിച്ച് നെഹ്റു കുടുംബം.രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ നിന്ന് സോണിയാ ഗാന്ധിയും രാഹുലുമടക്കം കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തില്ല.പ്രണബ് മുഖര്‍ജിയോട് സോണിയയ്‌ക്കുള്ള അതൃപ്തിയാണ് ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണമെന്നാണ് സൂചന.
രാഷ്‌ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം പ്രണബ് മുഖര്‍ജിക്ക് സമ്മാനിക്കുന്ന വേളയില്‍ നെഹ്‌റു കുടുംബം ചടങ്ങ് ബഹിഷ്‌കരിച്ചതിനോട് പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്തിയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും പാര്‍ട്ടി നേതൃത്വത്തെ താങ്ങി നിര്‍ത്തിയത് പ്രണബ് മുഖര്‍ജിയെയായിരുന്നുവെന്നാണ് അണികള്‍ പറയുന്നത്.
പ്രണബ് മുഖര്‍ജിയോടുള്ള അകല്‍ച്ചയ്‌ക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള വ്യക്തി ബന്ധവും മോദിയെ പ്രകീര്‍ത്തിച്ച് സംസാരിച്ചതുമാണെന്നുമാണ് കോണ്‍ഗ്രസില്‍ നിന്നുള്ള വിവരം.രാഷ്‌ട്രപതി സ്ഥാനം ഒഴിഞ്ഞ ശേഷം നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് ചടങ്ങില്‍ പങ്കെടുത്തതുമെല്ലാം അദ്ദേഹത്തിനോടുള്ള നീരസത്തിനിടയാക്കിയതായും അണികള്‍ പറയുന്നു.
















