മുംബൈ: ലോകകപ്പില്‍ കിരീടം നേടാന്‍ നായകന് വിരാട് കോഹ്ലിക്കൊപ്പം എല്ലാവരും ഒത്തിണങ്ങണമെന്ന് ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍. കോഹ്ലിക്ക് ഒറ്റയ്ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാനാകില്ല.
നിര്‍ണായക സമയങ്ങളില്‍ എല്ലാവരും കരുത്തുകാട്ടണം. ടീം ഒന്നിച്ച് കളിച്ചാല്‍ മാത്രമേ കിരീടം നേടാനാകുവെന്നും അല്ലെങ്കില്‍ നിരാശയാകും ഫലമെന്നും സച്ചിന് പറഞ്ഞു.
ഇന്ത്യക്ക് നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ താരങ്ങളുണ്ട്. 4, 5, 6 സ്ഥാനങ്ങളില്‍ സാഹചര്യം അനുസരിച്ച് ബാറ്റ്സ്മാന്മാരെ മാറ്റി പരീക്ഷിക്കണം. ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യമാകും ഇംഗ്ലണ്ടിലേത്. സ്പിന്നര്‍മാര്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ലെഗ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ നിര്‍ണായകമാകും.
പരിചയസമ്പത്തും യുവത്വവും ഇടകലര്‍ന്ന ഇന്ത്യക്ക് ലോകകപ്പില്‍ വലിയ സാധ്യതയുണ്ട്. യുവതാരങ്ങളായ കുല്‍ദീപ് യാദവ്, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ ഇന്ത്യ കിരീടം നേടുമെന്നും സച്ചിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: