ഡംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി
മുമ്പേ നിജാസനമുറച്ചേകനാഡിയുടെ
കമ്പം കളഞ്ഞു നിലയാറും കടപ്പതിനു
തുമ്പങ്ങള്‍ തീര്‍ക്ക ഹരിനാരായണായ നമ:
ബ്രഹ്മാനന്ദ സ്വരൂപത്തില്‍ ലയിക്കണമെങ്കില്‍ ആദ്യം വേണ്ടത് എട്ടു ദോഷങ്ങളെ മനസ്സില്‍ നിന്ന് കളയണം. മദം മാത്സര്യം, രാഗം, ദ്വേഷം, കാമം, ക്രോധം, ലോഭം, മോഹം എന്നിവയാണവ. ദോഷങ്ങളകന്ന് മന:ശുദ്ധി വരുത്തിക്കഴിഞ്ഞാല്‍ എളുപ്പമായി തോന്നുന്ന ഒരു യോഗാസനം അഭ്യസിച്ചുറപ്പിക്കണം.
പ്രാണായാമപരിശീലനം കൊണ്ട് സുഷുമ്‌നാ നാഡിയെ ബലപ്പെടുത്തുക. അതിലൂടെ പ്രാണനെ പ്രവേശിപ്പിച്ച് ആധാരചക്രങ്ങള്‍ ആറും കടത്തി ആജ്ഞാചക്രത്തിനു മുകളില്‍ പ്രവേശിപ്പിക്കുക. ആസനം, നാഭി, ഹൃദയം, കഴുത്ത്, പുരികം, മൂര്‍ധാവ് എന്നീ ക്രമത്തിലാണ് ആധാരചക്രങ്ങള്‍ കടക്കേണ്ടത്. മൂര്‍ധാവ് പൊട്ടി ശ്വാസം മേല്‍പ്പോട്ട് പോകുമ്പോഴാണ് മോക്ഷപ്രാപ്തിയിലെത്തി എന്നു പറയുക. സാംഖ്യയോഗത്തില്‍ ഇക്കാര്യങ്ങള്‍ വിസ്തരിച്ചു പറയുന്നുണ്ട്. ഇപ്രകാരം ശ്വാസനിയന്ത്രണത്തിലൂടെ, ഭഗവദ്ധ്യാനം ചെയ്ത് സാരൂപ്യം പ്രാപി
ക്കാനായി എന്നെ അനുഗ്രഹിക്കേണമേ എന്ന് പ്രാര്‍ഥിക്കുന്നു.















