കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന് തീപിടിച്ച് നഗരത്തിലെ പുകശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു. പ്ലാന്റിന് തീപിടിച്ച സാഹചര്യത്തിലാണ് ഇതെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത് നിര്‍ത്തിവെച്ചത് താത്കാലികമാണെന്നും അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന് തീപിടിച്ചത്. ഇതിനു പിന്നാലെയുണ്ടായ പുക ശല്യം തൃപ്പൂണിത്തുറ, വൈറ്റില, ഇരുമ്പനം, തൈക്കൂടം എന്നിവിടങ്ങളില്‍ ഞായറാഴ്ചയും രൂക്ഷമായി തുടരുന്നുണ്ട്.
പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യത്തിനും തീപിടിച്ചതാണ് പുകശല്യം ഇത്രയധികം രൂക്ഷമാകാന്‍ കാരണം. ഞായറാഴ്ച രാവിലേയും പ്രദേശത്തെ തീ അണഞ്ഞിട്ടില്ല. പുക ശ്വസിച്ച് ചിലര്‍ക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതായും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേസമയം യന്ത്ര സംവിധാനങ്ങള്‍ ഉപയോഗിച്ച് പുകശല്യം ഒഴിവാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഞായറാഴ്ച വൈകീട്ടോടെ ഇത് ഒഴിവാക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: