അങ്ങ് സുഹൃത്താണ്, എന്റെ സമവയസ്കനാണ് എന്നു കരുതി ഞാന്‍ അങ്ങയോടു എത്ര പത്ര അപരാധങ്ങള്‍ ചെയ്തു? കൃഷ്ണാ, എന്നാണ് ഞാന്‍ വിജയിച്ചിരുന്നത്. അങ്ങ് സര്‍വ്വേശ്വരനല്ലേ? ഭഗവാനല്ലേ? ഒരുകാലത്തും ഒരവസ്ഥയിലും അങ്ങയുടെ സച്ചിദാനന്ദസ്വരൂപത്തിന് ഒരു കുറവും വരാത്ത ആളല്ലേ? എന്നിട്ടും ഞാന്‍ അങ്ങയെ ‘അച്യുതാ’ എന്ന് വിളിച്ചില്ലല്ലോ. ഭഗവാനേ, സര്‍വ്വേശ്വരാ എന്ന് വിളിച്ചില്ലല്ലോ. ‘യാദവ’ എന്നല്ലേ ഞാന്‍ വിളിച്ചിരുന്നത്? യദുമഹാരാജാവിന്റെ ശാപം നിമിത്തം രാജ്യഭരണ യോഗ്യത നഷ്ടപ്പെട്ട വംശത്തില്‍ ജനിച്ചവനേ! എന്നല്ലേ വാക്കിന്റെ അര്‍ത്ഥം.
പ്രണയേന- സ്നേഹാധിക്യംകൊണ്ടാണ് അങ്ങനെ വിളിച്ചതെങ്കിലും അതു തെറ്റല്ലേ?
‘തവമഹി മാനം അജാനതാ-
അങ്ങ് സര്വോത്കൃഷ്ടനാണെന്നോ, ബ്രഹ്മാദി സര്വ്വദേവന്മാരുടെയും കര്‍ത്താവാണെന്നോ എല്ലാവരാലും നമസ്കരിക്കപ്പെടേണ്ടവനാണെന്നും എനിക്ക് അറിയില്ലായിരുന്നു. യുധിഷ്ഠിരജ്യേഷ്ഠനും ഭീമസേനജ്യേഷ്ഠനും അങ്ങയുടെ നമസ്കാരം സ്വീകരിക്കുകയും അങ്ങയെ അനുഗ്രഹിക്കുകയും ചെയ്യുന്നത് കാണാറുണ്ടായിരുന്നു! ഞാന്‍ സുഹൃത്തെന്ന നിലയിലും വയസ്യന് എന്ന നിലയിലും ആലിംഗനംചെയ്യുമ്പോള് അങ്ങ് ഒന്നും പറഞ്ഞതുമില്ല. നകുലനും സഹദേവനും അങ്ങയെ നമസ്കരിക്കാറുണ്ട്. അവര്‍ ഇളയകുട്ടികളല്ലേ?
അര്ജുനന് പറയുന്ന സംഭവം ഇതേപടി ശ്രീമദ് ഭാഗവതത്തില്‍ പറഞ്ഞിട്ടുണ്ട്-
യുധിഷ്ഠിരസ്യ ഭീമ സുകൃതാപാദാഭിവന്ദനം
ഫാല്‍ഗുന, പരിരഭ്യാഥയമാഭ്യാ, ചാദിവന്ദിതഃ (10-58-4)
അസത്കൃതോസി- ലേശം പോലും വിനയമിലാതെ (പ്രസഭം) ഇങ്ങനെ സംസാരിക്കുകമാത്രമല്ല ഞാന്‍ ചെയ്തിട്ടുള്ളൂ. പ്രവൃത്തികള്‍കൊണ്ടും അങ്ങയെ അപമാനിച്ചിട്ടുംകൂടിയുണ്ട്. അങ്ങയുടെ വിഭൂതികെള കേള്‍ക്കുകയും വിശ്വരൂപത്തില്‍ അചിന്ത്യപ്രഭാവം കാണുകയും ചെയ്തപ്പോഴാണ്, സൗഹൃദത്തിന്റെ പേരില്‍ ഞാന്‍ ചെയ്ത തെറ്റുകളുടെ ഗൗരവം എന്നില്‍ അപരാധബോധം ഉണര്‍ത്തുന്നത്.
വിഹാരശയ്യാസനഭോജനേഷു-
(വിഹാരം) നടക്കുമ്പോഴും- കളിക്കുമ്പോഴും ഇരിക്കുമ്പോഴും ഭക്ഷണംകഴിക്കുമ്പോഴും ഞാന്‍ അങ്ങയെ പരിഹാസപാത്രമാക്കും വിധം പ്രവര്‍ത്തിച്ചിട്ടുണ്ട്. നാം ഒന്നിച്ച് നടക്കാറുണ്ട്, ഓടാറുണ്ട്. പലപ്പോഴും ഞാനായിരിക്കും ആദ്യം ലക്ഷ്യസ്ഥാനത്തില്‍ എത്തിച്ചേരുന്നത്. ”നീയെന്താടാ പിന്നിലായത്? ദേഹം തളര്‍ന്നുപോയി എന്നു തോന്നുന്നു” എന്ന് ഞാന്‍ പലരും കേള്‍ക്കേ തന്നെ പരിഹാസമായി പറഞ്ഞിട്ടുണ്ട്.
(ശയ്യാ)- രാത്രിയില്‍ കട്ടിലില്‍ മെത്തയില്‍ ഞാന്‍ കിടക്കുമ്പോള്‍, നീ എന്റെ കിടക്കയില്‍ വന്നുകിടക്കാറുണ്ട്. അപ്പോള്‍ ഞാന്‍ പറയും: നീ എന്തിനാടാ മെത്തയില്‍ കിടക്കുന്നത്? നീ ഗോപാലനല്ലേ? നിലത്തുകിടന്നാല്‍ മതി” എന്ന് പറഞ്ഞ് ഒരു പുല്ലുപായ മാത്രം തറയില്‍ ഇട്ടുതന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ നമ്മള് രണ്ടുപേരും മാത്രമേ കാണുന്നുള്ളൂ. മറ്റു പലരും കാണ്‍കേതന്നെ അങ്ങയെ ഞാന്‍ അപമാനിച്ചിട്ടുണ്ട്.
(ആസനം) സഭാമധ്യത്തില്‍ സുവര്‍ണസിംഹാസനത്തില്‍ ഞാന്‍ ഇരിക്കുമ്പോള്‍ അങ്ങ് വന്ന് എന്റെ ഒപ്പം ഇരിക്കാറുണ്ട്. അപ്പോള്‍ ഞാന്‍ പറയും: നീ സിംഹാസനത്തില്‍ ഇരിക്കാന്‍ യോഗ്യനല്ല. നീ ഭരണാധികാരിയല്ലാത്ത വെറും ക്ഷത്രിയനല്ലേ? പിന്നീട് ഒരു മരത്തിന്റെ പീഠം നിനക്ക് തന്ന് അതില്‍നിന്നെ ഇരുത്തും. കാണികള്‍ പരിഹസിച്ച് ചിരിക്കും. നീ പുഞ്ചിരിക്കുക മാത്രം ചെയ്യും.
(ഭോജനം) ഒരു വലിയ ശാലയില്‍ നമ്മള് രണ്ടുപേരും അടുത്തുതന്നെ ഭക്ഷണം കഴിക്കാന്‍ ഇരിക്കും. വിളമ്പുകാര്‍ പാല്പായസം കൊണ്ടുവരുമ്പോള്‍ ഞാന്‍ പറയും: ”അവന് അമ്പാടിയില്‍ ചെറുപ്പകാലത്ത് ധാരാളം പാലും വെണ്ണയും കട്ടുതിന്ന് അരോചകം എന്ന രോഗമുണ്ട്. അതിനാല്‍ ശര്‍ക്കരപായസം വിളമ്പിയാല്‍ മതി.” അങ്ങനെ ശര്‍ക്കരപ്പായസം മാത്രം നിനക്കു വിളമ്പാനേ ഞാന്‍ സമ്മതിക്കാറുള്ളൂ. ആളുകള്‍ പരിഹസിച്ച് ചിരിക്കും.
കൃഷ്ണാ, ഇതെല്ലാം അത്യന്തസൗഹൃദത്തിന്റെ പേരില്‍ തമാശയായി- (അവഹാസാര്ത്ഥം) ചെയ്തുപോയതാണ്. എല്ലാം ക്ഷമിക്കൂ. ക്ഷമിക്കൂ. കൃഷ്ണാ! ക്ഷമിക്കില്ല എന്ന് നീ പറയരുത്. അങ്ങു എല്ലാമാണ്! അക്കൂട്ടത്തില്‍ എന്റെ സുഹൃത്തുമാണ്.
ഗീതാദര്‍ശനം
കാനപ്രം കേശവന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: