കണ്ണൂര്‍: സംസ്ഥാനത്ത് മികച്ച ഐ.സി.ഡി.എസ് പ്രവര്‍ത്തനം കാഴ്ചവച്ച ബ്ലോക്ക് പഞ്ചായത്തിനും ഗ്രാമപഞ്ചായത്തുകള്‍ക്കും സര്‍ക്കാറിന്റെ ഒന്നാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി അവാര്‍ഡുകള്‍ നല്‍കി. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് മികച്ച ബ്ലോക്ക് പഞ്ചായത്ത്. കണ്ണൂര്‍ ജില്ലയില്‍ പെരിങ്ങോം വയക്കരയാണ് മികച്ച പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടത്.
40 അംഗന്‍വാടികളാണ് പെരിങ്ങോം വയക്കര പഞ്ചായത്തിലുളളത്. മുഴുവന്‍ അംഗന്‍വാടികള്‍ക്കും കെട്ടിടം, വൈദ്യതി, കുടിവെള്ള സംവിധാനം, ഗ്യാസ് കണക്ഷന്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയതാണ് പഞ്ചായത്തിനെ അംഗീകാരത്തിന് അര്‍ഹമാക്കിയത്. കൂടാതെ എല്ലാ അംഗന്‍വാടികളിലും 80 ശതമാനം കുട്ടികളുണ്ട്. അംഗന്‍വാടികളില്‍ അടിസ്ഥാന സൗകര്യവികസനത്തിനും പോഷകാഹാര വിതരണത്തിനുമായി പ്രത്യേക പരിഗണന നല്‍കിയിരുന്നു. 5 മുതല്‍ 25 സെന്റ് സ്ഥലം വരെ സ്വന്തമായുള്ള അംഗന്‍വാടികള്‍ പഞ്ചായത്തിലുണ്ട്. 2016-17 വര്‍ഷത്തില്‍ സംസ്ഥാനതലത്തില്‍ മികച്ച അംഗന്‍വാടി പ്രവര്‍ത്തകയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുളളത് പെരിങ്ങോംവയക്കര പഞ്ചായത്ത് അംഗന്‍വാടിയിലെ സുലോചന ടീച്ചറായിരുന്നു. ഐ.എസ്.ഒ അംഗീകാരമുള്‍പ്പെടെ നിരവധി അവാര്‍ഡുകളും പഞ്ചായത്തിന് മുന്‍പ് ലഭിച്ചിട്ടുണ്ട്.
















