ഇരിട്ടി: കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ വയലുകളും വെള്ളക്കെട്ടുകളും മണ്ണിട്ട് നിരത്തുന്നത് വ്യാപകമാവുന്നു. തലശ്ശേരി വളവുപാറ റോഡ് നിര്‍മ്മാണത്തിന്റെ മറവിലാണ് മണ്ണിട്ട് നിരത്തല്‍ വ്യാപകമാവുന്നത്. ഇരിട്ടി കൂട്ടുപുഴ റോഡില്‍ പായം പഞ്ചായത്തില്‍പ്പെട്ട മാടത്തില്‍ കൃസ്ത്യന്‍ പള്ളിക്കു മുന്‍വശത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് ഈ വിധം മണ്ണ് കൊണ്ടുപോയി തള്ളിയിരിക്കുന്നത്. പള്ളിയുടെ മുന്‍വശത്ത് നിന്നും നീക്കം ചെയ്ത ലോഡുകണക്കിന് മണ്ണാണ് വെള്ളക്കെട്ട് നിറഞ്ഞ ഈ തെങ്ങിന്‍ തോപ്പില്‍ കൊണ്ടുപോയി തള്ളിയിരിക്കുന്നത്. പായം പഞ്ചായത്ത് ഓഫീസിന് ഏതാനും വാര അകലത്തില്‍ മാത്രമാണ് മണ്ണിട്ട് നികത്തല്‍ നടന്നിരിക്കുന്നതെങ്കിലും ഇതിനെതിരെ പഞ്ചായത്തു ഇതുവരെ യാതൊരു വിധ നടപടിയും കൈക്കൊണ്ടിട്ടില്ല.
















