ഉഴവൂര്‍: ലേബര്‍ ഇന്‍ഡ്യ ഗുരുകുലം പബ്ലിക് സ്‌കൂളും വേള്‍ഡ് മലയാളി കേരളാ കൗണ്‍സിലും സംയുക്തമായി സാധുജനങ്ങള്‍ക്ക് പണിതുകൊടുക്കുന്ന സ്വപ്‌നവീടിന്റെ താക്കോല്‍ ദാനം അഡ്വക്കേറ്റ് മോന്‍സ് ജോസഫ് എം എല്‍ എ നിര്‍വ്വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ഉഴവൂര്‍ പഞ്ചായത്തിലെ 6-ാം വാര്‍ഡില്‍ ഇടക്കോലി ഉരുളിയാംകുന്നേല്‍ ഓമനയ്‌ക്കും മകള്‍ വിനീതയ്‌ക്കുമായി പണിതത് ലേബര്‍ ഇന്‍ഡ്യയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ മൂന്നാമത്തെ സ്വപ്‌ന വീടാണ്.
കേരളത്തില്‍ 14 സ്വപ്‌നവീടുകളുടെ നിര്‍മ്മാണമാണ് ലേബര്‍ ഇന്‍ഡ്യയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. ശരാശരി 5 ലക്ഷം രൂപ ചിലവു വരുന്ന വീടുകളാണ് എല്ലാ ജില്ലകളിലുമായി പൂര്‍ത്തിയാക്കുന്നതെന്ന് ജോര്‍ജ്ജ് കുളങ്ങര പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെകൂടി സഹകരണത്തോടെ സ്വപ്‌നവീട് പദ്ധതി വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മറ്റ് 9 ജില്ലകളില്‍ ജോര്‍ജ്ജ് കുളങ്ങരയുടെ നേതൃത്വത്തില്‍ സ്വപ്‌നവീടുകളുടെ നിര്‍മ്മാണം നടന്നു വരികയാണ്.
















