കൊച്ചി: ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള ക്രിമിനല്‍ വിചാരണയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ശ്രീറാം മദ്യപിച്ച് അശ്രദ്ധമായി കാര്‍ ഓടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിന് കാരണമായെന്നാണ് കേസ്. വിചാരണ നടത്താന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് ബഷീറിന്റെ വിധവ ജസീല ഹര്‍ജി ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ജി ഗിരീഷ് സര്‍ക്കാരിന്റെ പ്രതികരണം തേടുകയും
വിചാരണ നടപടികള്‍ തല്‍ക്കാലം സ്റ്റേ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തത്.
ബഷീറിന്റെ മരണത്തിന് ഏഴ് വര്‍ഷത്തിന് ശേഷം ഈ വര്‍ഷം ആഗസ്റ്റ് 1 നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഈ കേസ് ആദ്യം തിരുവനന്തപുരം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി-1 ന് മുമ്പാകെയായിരുന്നതെങ്കിലും ശ്രീറാം വെങ്കിട്ടരാമന്റെ അഭിഭാഷകനായ ബി. രാമന്‍ പിള്ളയ്‌ക്ക് ഒന്നാം നിലയിലെ കോടതിമുറിയിലേക്ക് കയറാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അഡീഷണല്‍ സെഷന്‍സ് കോടതി നാലിലേയ്‌ക്ക് മാറ്റിയിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് ജസീല നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഒപ്പം സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
എ സന്തോഷ് കുമാറിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് ആഗസ്റ്റില്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടെന്ന് സര്‍ക്കാര്‍ പിന്നീട് തീരുമാനിച്ചു. സര്‍ക്കാരിന്‌റെ ഈ നിലപാട് ചോദ്യം ചെയ്താണ് ജസീല പുതിയ ഹര്‍ജി സമര്‍പ്പിച്ചത്.













