തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ അയല്‍ക്കൂട്ട പ്രദേശം, സഞ്ചാരസ്വാതന്ത്ര്യം, അവകാശസംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ അയല്‍ക്കൂട്ട വനിതകളുടെയും റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും നേതൃത്വത്തില്‍ വാര്‍ഡുതലത്തില്‍ വിജിലന്റ് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു. അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് 11, 12 തീയതികളില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച വാര്‍ഡുതല സംഗമത്തിലാണ് വിജിലന്റ് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിന് തുടക്കമിട്ടത്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുളള ലൈംഗികാതിക്രമങ്ങള്‍ തടയുകയും അതോടൊപ്പം സുരക്ഷിതമായ ഗാര്‍ഹികാന്തരീക്ഷവും സാമൂഹികാന്തരീക്ഷവും ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിജിലന്റ് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്.
















