കണ്ണൂര്‍: തോട്ടട എസ്എന്‍ കോളേജിലെ കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എബിവിപി പ്രതിനിധി സംഘം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ടു. കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്ന സാഹചര്യം പ്രതിനിധി സംഘം വെള്ളാപ്പള്ളിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും ശോചനീയാവസ്ഥ പരിഹരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ് ദേശീയനിര്‍വ്വാഹക സമിതി അംഗം കെ.രഞ്ജിത്ത്, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഷിജില്‍ എന്നിവരടങ്ങുന്ന സംഘമാണ് വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചത്. പരാതി പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വെള്ളാപ്പള്ളി ഉറപ്പ് നല്‍കിയതായി പ്രതിനിധിസംഘം പറഞ്ഞു.
















