ന്യൂദല്‍ഹി: ഫ്ലൈദുബായ് കോക്ക്പിറ്റ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചതിൽ കുടുംബത്തിന് അതിയായ അഭിമാനമുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ സൊണാൽ പറഞ്ഞു. പ്രധാനമന്ത്രി നേരിട്ട് വിളിച്ച് സംസാരിച്ചതിൽ കുടുംബം അതീവ സന്തോഷത്തിലാണ്. ദേശീയ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സോണൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
“പ്രധാനമന്ത്രി മോദിജി സ്മിത്തുമായി സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. സ്മിത് ചെയ്ത കാര്യങ്ങളിൽ ഞങ്ങൾക്കെന്നും അഭിമാനമുണ്ട്,” അവർ പറഞ്ഞു.
അദ്ദേഹം ഇപ്പോൾ സുഖമായിരിക്കുന്നു. എന്നാൽ, കോക്ക്പിറ്റിനുള്ളിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ഇപ്പോൾ സ്മിത്തിനോട് ചോദിക്കുന്നില്ലെന്നും, പൂർണമായി സുഖം പ്രാപിക്കുന്നതിന് മുൻപ് ആ സംഭവങ്ങൾ വീണ്ടും ഓർത്ത് അദ്ദേഹം മാനസിക ബുദ്ധിമുട്ടിലാകാൻ കുടുംബം ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
വ്യാഴാഴ്ച താൻ സ്മിത്തിനെ നേരിൽ കണ്ടിരുന്നുവെന്നും, യുഎഇയിലെയും മിലിട്ടറിയിലെയും ഡോക്ടർമാരുടെ മികച്ച പരിചരണത്തിലാണ് അദ്ദേഹം ഉള്ളതെന്ന് കണ്ടതിൽ വലിയ ആശ്വാസം തോന്നിയെന്നും അവർ കൂട്ടിച്ചേർത്തു. എത്രയും പെട്ടെന്ന് അദ്ദേഹത്തെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ വേണ്ടതെല്ലാം ചെയ്യുമെന്നും സൊണാൽ പറഞ്ഞു
സംഭവം നടന്നയുടൻ പ്രധാനമന്ത്രി സ്മിത്തിന്റെ കുടുംബവുമായി സംസാരിക്കുകയും എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നേരിട്ട് വിളിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ,
“‘പ്രധാനമന്ത്രിയുടെ ഫോൺ വിളി ഞങ്ങൾക്ക് ഏറെ വിലപ്പെട്ടതാണ് ഞങ്ങൾക്ക് എല്ലാം നൽകുന്നതിന് തുല്യമാണ്. ലോകത്തിലെ ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് സാധാരണ ഒരു പൗരന് വേണ്ടി ഇങ്ങനെ ചെയ്യുക? അതുകൊണ്ട് തന്നെ മോദിജിക്ക് ഞാൻ നന്ദി പറയുന്നു,” സൊണാൽ പറഞ്ഞു.
സംഭവത്തിനുശേഷം ഇന്ത്യയിലുടനീളമുള്ള ജനങ്ങളിൽ നിന്ന് ലഭിച്ച പിന്തുണയ്‌ക്കും പ്രാർത്ഥനകൾക്കും സൊണാൽ നന്ദി പറഞ്ഞു.
“ഭാരതത്തിലെ ജനങ്ങൾക്ക് ഞാൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. സ്മിത്തിന്റെ രോഗമുക്തിക്കായി രാജ്യമെങ്ങും പ്രാർത്ഥിക്കുന്നുണ്ടെന്ന വാർത്തകളും സന്ദേശങ്ങളും ഞാൻ കാണുന്നുണ്ട്. എനിക്ക് വാക്കുകളിൽ ഒതുക്കാനാവാത്തത്ര സന്തോഷമുണ്ട്. എല്ലാവരോടും നന്ദി പറയാൻ എനിക്ക് വാക്കുകളില്ല,” അവർ പറഞ്ഞു.
“വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരായി തിരിച്ചെത്തിയതിനും സ്മിത്ത് രക്ഷപ്പെട്ടതിനും ഞാൻ ദൈവത്തോട് നന്ദി പറയുന്നു,” സൊണാൽ കൂട്ടിച്ചേർത്തു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രശംസിച്ചിരുന്നു. സ്മിത്തുമായി സംസാരിക്കാൻ നെതന്യാഹു താൽപ്പര്യം പ്രകടിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, സ്മിത്തിന് മാനസികമായി പൂർണ സുഖം പ്രാപിച്ച ശേഷം അദ്ദേഹം തന്നെ നെതന്യാഹുവുമായി സംസാരിക്കുമെന്ന് സൊണാൽ മറുപടി നൽകി.
അതേസമയം വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ തബൂക്ക് നഗരത്തിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പൈലറ്റിന് ആവശ്യമായ ചികിത്സ ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് റിയാദിലെ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും മച്ചാറിന്റെ ആരോഗ്യസ്ഥിതി സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
















