മലപ്പുറം: ഭരണമുന്നണിയായ യുഡിഎഫിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ). സർക്കാരിന്റെ തീരുമാനങ്ങൾ സഖ്യകക്ഷികളുമായി ആലോചിച്ചാണ് എടുക്കുന്നതെന്നും മുന്നണിക്കുള്ളിൽ വലിയ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പാർട്ടി വ്യക്തമാക്കി. കഴിഞ്ഞ ദിവസം യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പ്രസ്‌താവനകളോട് പ്രതികരിച്ചുകൊണ്ടാണ് പാർട്ടി രംഗത്ത് എത്തിയത്. യുഡിഎഫ് കൺവീനറെ തള്ളിയ ലീഗ് നേതാക്കള്‍ മുഖ്യമന്ത്രി വി ഡി സതീശനെ പിന്തുണക്കുകയും ചെയ്തു.
സർക്കാർ പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും തന്നെ അറിയിക്കുന്നില്ലെന്നും തന്നോട് ആലോചിക്കാതെയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നുമായിരുന്നു അടൂർ പ്രകാശിന്റെ വിമർശം. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും വ്യവസായ മന്ത്രി പി കെ കുഞ്ഞിലിക്കുട്ടിയും.
ഘടകക്ഷികൾ തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് യുഡിഎഫ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും സഖ്യത്തിന്റെ ഐക്യം നിലനിർത്താനാണ് ലീഗ് ആഗ്രഹിക്കുന്നതെന്നും തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് ഒരു തീരുമാനം എടുക്കുമ്പോൾ അത് എല്ലാവരുമായും ചർച്ച ചെയ്യും. യുഡിഎഫിന്റെ ഐക്യം തകരാതെ നിലനിൽക്കണമെന്നാണ് ലീഗ് ആഗ്രഹിക്കുന്നത്. ആ ഐക്യം കാത്തുസൂക്ഷിക്കുന്ന രീതിയിലുള്ള തീരുമാനങ്ങളാണ് യുഡിഎഫ് എപ്പോഴും എടുത്തിട്ടുള്ളത് എന്ന് ശിഹാബ് തങ്ങൾ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണിക്കുള്ളിലോ ഘടകകക്ഷികൾക്കിടയിലോ ഗുരുതരമായ ഭിന്നതകളില്ലെന്നും ആവർത്തിച്ചു. വിഷയങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നും ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് എത്തുമ്പോഴെല്ലാം താനും മറ്റ് നേതാക്കളുമായി ചർച്ചകളും കൂടിക്കാഴ്‌ചകളും നടത്താറുണ്ടെന്നും തങ്ങൾ വ്യക്തമാക്കി.
അതേസമയം, യുഡിഎഫ് യോഗത്തിന് ശേഷം സഖ്യകക്ഷികൾ തമ്മിൽ പലതവണ ഉഭയകക്ഷി ചർച്ചകൾ നടന്നിട്ടുണ്ടെന്നും ബോർഡുകളിലേയ്‌ക്കും കോർപ്പറേഷനുകളിലേയ്‌ക്കുമുള്ള നിയമനങ്ങളിൽ ചില തീരുമാനങ്ങൾ അന്തിമമാക്കിയിട്ടുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റ് പല തീരുമാനങ്ങളും അന്തിമമാക്കാനുണ്ട്.
ഘടകക്ഷികൾ, മുതിർന്ന നേതാക്കൾ, രാഷ്‌ട്രീയ പാർട്ടികൾ എന്നിവരുമായി ബന്ധപ്പെട്ട നിയമനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിനകം എടുത്ത തീരുമാനം യുഡിഎഫ് യോഗത്തിന്റെയും തുടർന്നുണ്ടായ ഉഭയകക്ഷി ചർച്ചകളുടെയും അടിസ്ഥാനത്തിലുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ബാക്കിയുള്ള വിഷയങ്ങളും ചർച്ചകളിലൂടെ പരിഹരിക്കുമെന്നും പ്രചരിക്കപ്പെടുന്നതുപോലുള്ള പ്രശ്‌നങ്ങൾ ഒന്നും നിലവിലില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അടൂർ പ്രകാശിന്റെ പരാമർശങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചില്ല. ന്യൂഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജനെയും ഭരണപരിഷ്‌ക്കാര കമ്മിഷൻ ചെയർമാനായി ഐയുഎംഎൽ നേതാവ് എം കെ മുനീറിനെയും നിയമിക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ചർച്ചകളിലൂടെയാണ് കൈക്കൊണ്ടതെന്നും ഇനിയും തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും പരാതികൾ പരിഹരിക്കുമെന്നും കൂട്ടിച്ചേർത്തു.
യുഡിഎഫ് യോഗം ഉടൻ ചേരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തീയതി നിശ്ചയിച്ചാലുടൻ യോഗം ചേരുമെന്ന് കുഞ്ഞാലിക്കുട്ടി മറുപടി നൽകി. കരുതുന്നതുപോലെ വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ദേശീയ തലത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെയും വോട്ടർ പട്ടിക പരിഷ്‌ക്കരണ നടപടിക്കെതിരെയുമുള്ള പ്രതിപക്ഷത്തിന്റെ ഐക്യത്തെ മാധ്യമങ്ങൾ അവഗണിക്കരുതെന്നും കുഞ്ഞാലിക്കുട്ടി അഭ്യർഥിച്ചു. ഈ വിഷയത്തിൽ നടന്ന ചർച്ചകളിലും പ്രതിഷേധങ്ങളിലും കോൺഗ്രസ്, സിപിഎം തുടങ്ങിയ പാർട്ടി നേതാക്കൾ പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒക്ടോബർ 3 ന് ഐയുഎംഎൽ തങ്ങളുടെ എംഎൽഎമാരുടെയും എംപിമാരുടെയും യോഗം വിളിച്ചിരുന്നുവെന്നും ഒരു മാസം മുൻപാണ് നൊട്ടീസ് നൽകിയതെന്നും ശിഹാബ് തങ്ങൾ പറഞ്ഞു. വിവിധ സംഭവവികാസങ്ങൾ വിലയിരുത്തുന്നതിനും വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിനുമുള്ള പാർട്ടിയുടെ പതിവ് നടപടികളുടെ ഭാഗമാണ് ഇത്തരം യോഗമെന്നും അദ്ദേഹം വ്യക്തമാക്കി.
















