നഗോയ: ഏഷ്യൻ ഗെയിംസിൽ ഭാരത വനിതാ ഹോക്കി ടീം ചരിത്രം കുറിച്ചു. സ്വർണ്ണ മെഡലിനായുള്ള മത്സരത്തിൽ ചൈനയെ ഭാരത ടീം 1-0 എന്ന സ്‌കോറിന് തോൽപ്പിച്ച് സ്വർണ്ണം നേടി. 44 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഭാരതവനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടുന്നത് എന്നത് ചരിത്രമാണ്; ഇതോടെ ഭാരതത്തിന് 16 സ്വർണ്ണ മെഡലായി.ആകെ 76 മെഡലും. ഭാരത പുരുഷ ടീം കഴിഞ്ഞ ദിവസം പാകിസ്ഥാനെ തോൽപ്പിച്ച് ഹോക്കി ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.
1982-ൽ ദൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിന്റെ ആദ്യ പതിപ്പിലായിരുന്നു ടീം അവസാനമായി സ്വർണ്ണം നേടിയത്. ഇന്നത്തെ വിജയത്തോടെ 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിലേക്കുള്ള യോഗ്യതയും വനിതാ ടീം ഉറപ്പാക്കി എന്നത് എടുത്തു പറയേണ്ടതാണ്. ഏഷ്യയിലെ ഏറ്റവും മികച്ച ടീമായി മാറിയ അവർ, ഇനി ലോകത്തിലെ ഏറ്റവും മികച്ച ടീമായി മാറാനുള്ള ശ്രമത്തിലായിരിക്കും.
കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സെമിഫൈനലിൽ ചൈനയോട് പരാജയപ്പെട്ടതിനെത്തുടർന്ന് ഭാരത വനിതാ ടീമിന് 2024-ലെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടാനായിരുന്നില്ല. എന്നാൽ, കഴിഞ്ഞ തവണ തങ്ങളെ പുറത്താക്കിയ അതേ എതിരാളികളെ പരാജയപ്പെടുത്തിക്കൊണ്ട് ടീം ആ തിരിച്ചടിക്ക് മധുരപ്രതികാരം വീട്ടിയിരിക്കുന്നു.
ഭാരതത്തിന്റെ ലാൽറെംസിയാമി ഹ്മാർസോട്ട് ആണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. കളിയുടെ ആദ്യ ക്വാർട്ടറിലായിരുന്നു ഈ ഗോൾ പിറന്നത്. തുടർന്ന്, ശേഷിച്ച മൂന്ന് ക്വാർട്ടറുകളിലും ചൈനയുടെ ആക്രമണങ്ങളെ പ്രതിരോധിച്ച ടീമിന്റെ മികച്ച പ്രകടനമാണ് ഭാരതവിജയം ഉറപ്പാക്കിയത്.













