ലക്നൗ : ഉത്തർപ്രദേശിൽ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കൗമാരക്കാരനായ മകൻ അമ്മയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി . നക ഹിൻഡോല പോലീസ് സ്റ്റേഷൻ പരിധിയിലെ രാജേന്ദ്ര നഗറിന് സമീപമുള്ള വിഷൻ അപ്പാർട്ട്മെന്റിലാണ് സംഭവം അമ്മയെ കൊലപ്പെടുത്തിയ വിവരം 17 കാരനായ മകൻ തന്നെയാണ് പൊലീസിനെ അറിയിച്ചത്.
പെൺകുട്ടിയായി ജീവിക്കാൻ ആഗ്രഹിച്ചിരുന്ന 17 കാരൻ ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് വിധേയനാകണമെന്ന് നിർബന്ധം കാണിച്ചിരുന്നതായി പോലീസ് പറയുന്നു. ഇത് കുടുംബത്തിനുള്ളിൽ നിരന്തരമായ തർക്കങ്ങൾക്ക് കാരണമായിരുന്നു. ഇന്നും അമ്മയും മകനും തമ്മിൽ രൂക്ഷമായ തർക്കം നടന്നതായി അയൽക്കാർ പറഞ്ഞു.
ശസ്ത്രക്രിയയ്‌ക്ക് വിധേയനാകുന്നതിൽ നിന്ന് മകനെ പിന്തിരിപ്പിക്കാനും പകരം വൈദ്യസഹായവും മനഃശാസ്ത്രപരമായ ചികിത്സയും തേടാനും 42-കാരിയായ അമ്മ ശ്രമിച്ചിരുന്നു. ശസ്ത്രക്രിയയിലൂടെ ലിംഗമാറ്റം വരുത്താൻ അനുവദിക്കാത്തതിൽ പ്രകോപിതനായ മകൻ ഇരുമ്പ് പൈപ്പ് റെഞ്ച് ഉപയോഗിച്ച് അമ്മയെ ആക്രമിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ അമ്മ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. തുടർന്ന് സ്വന്തം മൊബൈൽ ഫോണിൽ നിന്ന് പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് മകൻ തന്നെ അമ്മയെ കൊലപ്പെടുത്തിയ വിവരം അറിയിച്ചു.
പോലീസ് സ്ഥലത്തെത്തിയപ്പോൾ, രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയുടെ മൃതദേഹത്തിനരികിൽ തന്നെ മകനെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 5 വർഷമായി കുട്ടി ഗുരുതരമായ മാനസിക പ്രശ്‌നങ്ങൾ നേരിട്ടിരുന്നതായി പിതാവ് പറഞ്ഞു. മകനിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയും സ്വയം ഒരു പെൺകുട്ടിയായി കണക്കാക്കിത്തുടങ്ങുകയും ചെയ്തിരുന്നതായി പിതാവ് വ്യക്തമാക്കി. പെരുമാറ്റത്തിലുണ്ടായ ഈ വലിയ മാറ്റത്തിൽ ആശങ്കാകുലരായ മാതാപിതാക്കൾ, മകന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടിയിരുന്നു.
















