പാലാ: വള്ളിച്ചിറ പിഷാരുകോവിലിലെ അഞ്ചാം ഉത്സവദിനമായ ഇന്ന് വൈകിട്ട് വര്‍ണ്ണാഭമായ താലപ്പൊലി ഘോഷയാത്രയും ദീപക്കാഴ്ചയും ദേശവിളക്കും നടക്കും. ഇന്നലെ നടത്താനിരുന്ന ദേശവിളക്ക് കനത്ത വേനല്‍മഴയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു. വൈകിട്ട് 6.30ന് താമരക്കുളം ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്രയില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കും. ചെണ്ടമേളം, ശിങ്കാരിമേളം, പമ്പമേളം, പീലിക്കാവടി, കൊട്ടക്കാവടി, ദേവതെയ്യം, ഭദ്രകാളിനൃത്തം എന്നിവ അകമ്പടിയേകും. ഘോഷയാത്ര ക്ഷേത്രത്തിലേക്ക് എത്തുന്നവഴി രണ്ടേക്കറോളം വരുന്ന കോവില്‍പ്പാടത്ത് വര്‍ണ്ണാഭമായ ദീപക്കാഴ്ചയും നടക്കും. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധന. രാത്രി 9ന് പത്തനംതിട്ട സാരംഗ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
















