ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വിശ്വകര്‍മ്മ സംഘടനകളുടെ ആഭിമുഖ്യത്തില്‍ അയ്‌മ്പൊലി സമര്‍പണവും താലപ്പൊലി ഘോഷയാത്രയും 5ന് നടക്കും. പ്രപഞ്ചസൃഷ്ടാവായ വിശ്വകര്‍മ്മ ദേവന്റെ പഞ്ചമുഖങ്ങളെ സ്മരിച്ചു കൊണ്ട് അഞ്ച് പറകളില്‍ നെല്ല്, അരി, അവല്‍, മലര്‍, ശര്‍ക്കര എന്നി അഞ്ചു ദ്രവ്യങ്ങള്‍ അഞ്ച് പൊലിവുകളായി സമര്‍പ്പിക്കുന്ന ചടങ്ങാണ് അയ്‌മ്പൊലി. അഖില കേരള വിശ്വകര്‍മ്മ മഹാസഭ, മാരിയമ്മന്‍ കോവില്‍ ട്രസ്റ്റ്, കേരള വിശ്വകര്‍മ്മ സഭ, വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി, തമിഴ് വിശ്വകര്‍മ്മ സമാജം എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് നടക്കുന്നത്. വൈകിട്ട് 5ന് മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്ര അലങ്കരിച്ച രഥം, വാദ്യമേളങ്ങള്‍, കരകാട്ടം, മയിലാട്ടം, ദേവനൃത്തം എന്നിവയുടെ അകമ്പടിയോടെ നഗരപ്രദക്ഷണമായി 7ന് ഏറ്റുമാനൂര്‍ ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരും. സംഘടനാ പ്രതിനിധികള്‍ ദീപം തെളിയിക്കും. തുടര്‍ന്നു ഐമ്പൊലി സമര്‍പ്പണം നടക്കുമെന്ന് രക്ഷാധികാരി ഗണേഷ് ഏറ്റുമാനൂര്‍ , ചെയര്‍മാന്‍ എ.ആര്‍. ചന്ദ്രബാബു, മുരളി തകിടിയേല്‍, പി.കെ. സുരേഷ് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
















