വിളപ്പില്‍: കോട്ടൂര്‍ അഗസ്ത്യകുടീരം ബാലികാ സദനത്തിലെ കൗമാരപ്രായക്കാര്ക്കുവേണ്ടി മഹിളാ ഐക്യവേദി ‘ഉണര്‍വും നിനവും’ എന്ന പേരില്‍ പഠന ശിബിരം സംഘടിപ്പിച്ചു. സമൂഹത്തിലെ മുള്‍വഴികളും കൗമാരപ്രായക്കാരെ കൊത്തിവലിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന കഴുകന്മാരെയും കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തുന്നതാണ് ഉണര്‍വും നിനവും.
ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് അഡ്വ.രത്നകുമാര്‍ ശിബിരം ഉദ്ഘാടനം ചെയ്തു. ചതിക്കുഴികള്‍ കണ്ടും മനസിലാക്കിയും യാത്ര ചെയ്യാന്‍ കുട്ടികള്‍ക്ക് സാധിക്കണം. പതിയിരിക്കുന്ന ആപത്തുകളെ കുറിച്ച് അദ്ധ്യാപകരും രക്ഷിതാക്കളും കൗമാര പ്രായക്കാരായ ബാലികകള്‍ക്ക് ബോധനം നല്‍കണം. അണുകുടുംബത്തിലേക്ക് വഴിമാറിയതാണ് ഈ കാലഘട്ടത്തിന്റെ ദുരന്തം. കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്നപ്പോള്‍ മാതാപിതാക്കള്‍ക്ക് പുറമെ കുട്ടികള്‍ക്ക് മുത്തച്ഛന്റെ ലാളനയും മുത്തശ്ശി കഥയുടെ വഴികാട്ടലും ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം കുട്ടികള്‍ക്ക് അന്യമാണ്. നെല്ലും പതിരും തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയുന്നില്ല. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് കീഴിലുള്ള ഇത്തരം ബാലികാ സദനങ്ങളില്‍ കുട്ടികള്‍ക്ക് നേര്‍വഴി കാണിച്ചുകൊടുക്കാനും സ്നേഹം വിളമ്പാനും ഒന്നിലേറെ അമ്മമാരുള്ളത് ആശാവഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഹിളാ ഐക്യവേദി താലൂക്ക് പ്രസിഡന്റ് ഓമനകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സൂര്യാപ്രേം മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് കള്ളിക്കാട് ബിജു, സംഘടനാ സെക്രട്ടറി പി.എസ്.പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: