തിരുവനന്തപുരം :ലോ അക്കാദമി ലോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരം കണ്ടില്ലെന്ന് നടിച്ച് കോളേജ് മാനേജ്‌മെന്റിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനായി വിദ്യാര്‍ത്ഥിസമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ നയത്തിനെതിരെ ശക്തമായ ജനവികാരം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധദിനമായി ആചരിക്കാന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ആഹ്വാനം ചെയ്തു. അന്നേദിവസം വൈകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തുമെന്നും സുധീരന്‍ പറഞ്ഞു.
നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ച് എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യത്തോടെ മാനേജ്‌മെന്റിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് സര്‍ക്കാരിന്റെ പിന്‍ബലം കൊണ്ട് മാത്രമാണ്. അഴിമതിക്കും ക്രമക്കേടുകള്‍ക്കും സ്ത്രീപീഡനത്തിനുമെതിരെ നിരന്തരമായി സംസാരിച്ചുവരുന്ന സിപിഎമ്മിന്റെയും അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെയും തനിനിറമാണ് ഈ സമരത്തിനോടുള്ള നിലപാടുകളിലൂടെ അനാവരണം ചെയ്യപ്പെട്ടതെന്നും സുധീരന്‍ പറഞ്ഞു.
















