കണ്ണൂര്‍: ഹരിതകേരള മിഷന്റെ സംസ്ഥാനതല ഉദ്ഘാടന ദിനമായ ഇന്ന് ജില്ല മുഴുവന്‍ പ്ലാസ്റ്റിക് ഹര്‍ത്താല്‍ നടത്തും. ഇതിന്റെ ഭാഗമായി കടകളില്‍ നിന്ന് പ്ലാസ്റ്റിക് കാരി ബാഗുകളില്‍ സാധനങ്ങള്‍ നല്‍കാതിരിക്കാനും ജനങ്ങള്‍ അത് സ്വീകരിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ഹരിതകേരളം ജില്ലാ മിഷന്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
ഏപ്രില്‍ രണ്ടിന് ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുകയെന്ന ലക്ഷ്യത്തിന്റെ മുന്നോടിയായാണ് ഇന്ന് പ്ലാസ്റ്റിക് ഹര്‍ത്താല്‍ ആചരിക്കുന്നത്. മല്‍സ്യം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ തുണിസഞ്ചിയോ പാത്രമോ കൂടെ കരുതണം. ഹോട്ടലുകളില്‍ പാര്‍സല്‍ വാങ്ങാന്‍ പോകുന്നവര്‍ ടിഫിന്‍ കാരിയര്‍ കൊണ്ടുപോവണം. പാത്രങ്ങളുമായി പാര്‍സല്‍ വാങ്ങാനെത്തുന്നവര്‍ പല ഹോട്ടലുകളും 10 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തുണിസഞ്ചിയുമായി ഷോപ്പിംഗിനെത്തുന്നവര്‍ സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കാനുള്ള പദ്ധതികളും ജില്ലയുടെ പലഭാഗങ്ങളിലുമുണ്ട്. മാലിന്യനിര്‍മാര്‍ജനത്തിലേക്കുള്ള ഈ വലിയ ചുവടുവയ്‌പ്പില്‍ ജനങ്ങളും വ്യാപാരികളും പൂര്‍ണമായി സഹകരിക്കണമെന്നും അഭ്യര്‍ഥനയില്‍ പറഞ്ഞു.
















