നെയ്യാറ്റിന്‍കര: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ബിജെപി കൗണ്‍സിലറിന് വിലക്ക് ഏര്‍പ്പെടുത്തി നെയ്യാറ്റിന്‍കര നഗരസഭ. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന നെയ്യാറ്റിന്‍കര ഗവ. ബോയ്‌സ് എച്ച്എസ്എസ് സ്‌കൂളിനെ അന്താരാഷ്‌ട്ര നിലവാരത്തിലേയ്‌ക്ക് ഉയര്‍ത്തുന്ന പരിപാടിയിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന ആലുംമൂട് വാര്‍ഡ് കൗണ്‍സിലറായ ഉഷകുമാരിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആണ് വിലക്കേര്‍പ്പെടുത്തിയത്. ജനപ്രതിനിധികള്‍ പോലുമല്ലാത്ത സ്ഥലത്തെ സിപിഎം നേതാക്കള്‍ക്ക് ക്ഷണവുമുണ്ട്. ഉഷകുമാരിയെ പരിപാടിയില്‍ നിന്നും ഒഴിവാക്കാനുള്ള നഗരസഭയുടെ തീരുമാനത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. കൗണ്‍സിലറെ അവഗണിച്ച നഗരസഭയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ഷിബുരാജ്കൃഷ്ണയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരായ ഹരികുമാര്‍, ശശികല, ഉഷകുമാരി, അഡ്വ: സ്വപ്‌നജിത് എന്നിവര്‍ നഗരസഭയുടെ നടുത്തളത്തിലിരുന്നു പ്രതിഷേധിച്ചു. ചെയര്‍പേഴ്‌സണ്‍ ബിജെപി കൗണ്‍സിലറുമാരുമായി ചര്‍ച്ചനടത്തി. കൗണ്‍സിലറെ പരിപാടിയില്‍ ക്ഷണിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ചു.
















