പത്തനാപുരം: താലൂക്ക് ആസ്ഥാനമായിട്ടും വാട്ടര്‍ അതോറിറ്റിയുടെ ഓഫീസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് പുനലൂരില്‍. പത്തനാപുരം ജനതാ ജംഗ്ഷന് സമീപം പമ്പ് ഹൗസില്‍ ആറുലക്ഷം രൂപ ചിലവഴിച്ച് പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ച് നാലുമാസം പിന്നിടുമ്പോഴും ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, വിളക്കുടി, പിറവന്തൂര്‍, തലവൂര്‍ പഞ്ചായത്തുകളിലുള്ള പൈപ്പ് കണക്ഷന്‍ തകരാറിലായാല്‍ പുനലൂര്‍ ഓഫീസിനെയാണ് നിലവില്‍ ആശ്രയിക്കേണ്ടത്. പുതിയ ഓഫീസ് കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും തുറന്ന് പ്രവര്‍ത്തിക്കാത്തത് വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കും. ഓഫീസ് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനം എടുത്തില്ലെങ്കില്‍ രാഷ്‌ട്രീയ ഭേദമന്യേ ശക്തമായ സമരപരിപാടികള്‍ക്ക് ഒരുങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
















