ന്യൂദല്‍ഹി: മതിയായ തെളിവുകളില്ലാതെ രണ്ട് ലക്ഷത്തില്‍ അധികം തുകയുടെ നിരോധിക്കപ്പെട്ട നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ നികുതിയും നികുതിയുടെ 200 ശതമാനം പിഴയും ചുമത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. രണ്ടര ലക്ഷം രൂപയില്‍ അധികം നിക്ഷേപിക്കുന്നവരുടെ പട്ടിക തയാറാക്കാന്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വരുമാനത്തില്‍ കവിഞ്ഞു പണം കാണുന്നത് നികുതി വെട്ടിപ്പ് കേസ് ആകുമെന്നും റവന്യൂ സെക്രട്ടറി ഹസ്മഖ് അധ്യ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 30വരെ വരുമാന പരിധി ഇളവില്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നവരുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കാനും ബാങ്കുകള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
അതേസമയം, പണത്തിനു കൃത്യമായ ഉറവിടമുണ്ടെങ്കില്‍ ആര്‍ക്കും ആശങ്കവേണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കിയിട്ടുണ്ട്. കൃഷിക്കാര്‍, ചെറുകിട കച്ചവടക്കാര്‍, മുതിര്‍ന്ന പൗരന്മാര്, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങിയ സാധാരണക്കാര്‍ക്ക് ആശങ്കപ്പെടേണ്ട. ആദായനികുതിയുടെ ഒഴിവു പരിധിയായ രണ്ടു ലക്ഷത്തില്‍ താഴെയുള്ള പഴയ നോട്ടുകള്‍ ഡിസംബര്‍ 30വരെ മാറിയെടുക്കാന്‍ തടസമില്ലെന്നും ജയ്റ്റ്ലി വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ കള്ളപ്പണം തടയുക, കള്ളനോട്ടുകള്‍ പ്രചരിക്കുന്നത് ഇല്ലാതാക്കുക, എന്നീ ലക്ഷ്യങ്ങളോടെയാണ് 500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്രം അസാധുവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: