തിരുവനന്തപുരം: റെയില്‍ യാത്രക്കാര്‍ക്ക് ആശ്വാസവും സന്തോഷവും പകരുന്ന സുപ്രധാന തീരുമാനവുമായി ഭാരത റെയില്‍വേ. കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന പാലരുവി എക്‌സ്പ്രസും മധുര- ഗുരുവായൂര്‍ എക്‌സ്പ്രസും എല്‍എച്ച്ബി കോച്ചുകളിലേക്ക് മാറുന്നു. പരമ്പരാഗത ഐസിഎഫ് കോച്ചുകള്‍ക്കുപകരമാണ് ആധുനിക ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച സുരക്ഷിതവും കൂടുതല്‍ സൗകര്യപ്രദവുമായ കോച്ചുകള്‍ ലഭ്യമാക്കുന്നത്.
അപകട സമയങ്ങളില്‍ കോച്ചുകള്‍ പരസ്പരം കടന്നുകയറുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന ആന്റി- ടെലിസ്‌കോപ്പിക് സംവിധാനം, കാര്യക്ഷമമായ ഡിസ്‌ക് ബ്രേക്ക്, യാത്രക്കാര്‍ക്ക് കാല്‍വയ്‌ക്കാന്‍ കൂടുതല്‍ സ്ഥലം എന്നിവയാണ് കോച്ചുകളുടെ പ്രധാന സവിശേഷത. ഉയര്‍ന്ന വേഗതയിലും മികച്ച സ്ഥിരതയും യാത്രാസുഖവും ഈ കോച്ചുകള്‍ ഉറപ്പുനല്‍കുന്നു.
തൂത്തുക്കുടി- പാലക്കാട് പാലരുവി എക്‌സ്പ്രസ് ജൂലൈ 20 മുതല്‍ തൂത്തുക്കുടിയില്‍ നിന്നും ജൂലൈ 21 മുതല്‍ പാലക്കാട്ട് നിന്നും എല്‍എച്ച്ബി കോച്ചുകളോടെ സര്‍വീസ് ആരംഭിക്കും. മധുര- ഗുരുവായൂര്‍ എക്‌സ്പ്രസ് ജൂലൈ 26 മുതല്‍ മധുരയില്‍ നിന്നും ജൂലൈ 27 മുതല്‍ ഗുരുവായൂരില്‍ നിന്നും പുതിയ എല്‍എച്ച്ബി കോച്ചുകള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തും.
കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന പ്രധാന ട്രെയിനുകളെ ഘട്ടംഘട്ടമായി ആധുനിക കോച്ചുകളിലേക്ക് മാറ്റുന്ന റെയില്‍വേയുടെ നവീകരണ പദ്ധതിയിലെ മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് ഈ തീരുമാനം.
















